എറണാകുളം: ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കോടതിയില്‍ കീഴടങ്ങി. എറണാകുളം അഡീഷണല്‍ സി.ജെ.എം. കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്.  ഫസല്‍ വധക്കേസില്‍ യഥാക്രമം ഏഴും എട്ടും പ്രതികളാണ് ഇരുവരും.

പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.  ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന ഇരുവരുടേയും മുന്‍കൂര്‍ ജ്യാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് കാരായി രാജന്‍. കാരായി ചന്ദ്രശേഖരന്‍ കണ്ണൂര്‍ തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയുമാണ്. ടി.പി. വധക്കേസില്‍ അറസ്റ്റിലായ കൊടിസുനിയാണ് ഫസല്‍ വധക്കേസിലെ ഒന്നാം പ്രതി. ഫസലിനെ കൊല്ലാന്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും കൊടി സുനിക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്.

കണ്ണൂരിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ മുഹമ്മദ് ഫസലിനെ 2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലുകയായിരുന്നു.

നേരത്തേ സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടിയുമായി തെറ്റി എന്‍.ഡി.എഫില്‍ ചേര്‍ന്നതാണ് കൊലയ്ക്ക് കാരണമെന്ന് സി.ബി.ഐ. നേരത്തേ കണ്ടെത്തിയിരുന്നു. സി.പി.ഐ.എം പ്രാദേശിക ഘടകം ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ. പറയുന്നു.

കൃത്യം നടത്തിയതിന് ശേഷം വ്യാജ തെളിവ് സൃഷ്ടിച്ച് വര്‍ഗ്ഗീയ കലാപമുണ്ടാക്കി, കേസില്‍ ആര്‍.എസ്.എസ്. ബന്ധം ആരോപിച്ചു. എന്നിവയാണ് സി.പി.ഐ.എം നെതിരെ സി.ബി.ഐ ആരോപിച്ചിരിക്കുന്നത്.

അതേസമയം ഇരുവരും സി.പി.ഐ.എം. സംരക്ഷണയിലായിരുന്നെന്ന് ഫസലിന്റെ ഭാര്യ ആരോപിച്ചു. കേസില്‍ കൂടുതല്‍ പേരെ ഇനിയും പിടികൂടാനുണ്ടെന്നും അന്വേഷണത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.