കോഴിക്കോട്: സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്ന ആരോപണവുമായി എം.ഇ.എസ് രംഗത്ത്. സര്‍ക്കാര്‍ ഈ നിലപാടുമായി മുന്നോട്ട് പോവുകയാണെങ്കില്‍ നൂറ് സീറ്റിലും പ്രവേശനം നടത്തുമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ഇന്റര്‍ ചര്‍ച്ച് കോളജുകള്‍ക്ക് മറ്റൊരു നിയമമെന്നത് അംഗീകരിക്കാനാവില്ല. പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പരിഹാസ്യമാണ്. പ്രവേശനം പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ അവകാശപ്പെടന്ന ഫോര്‍മുലയുണ്ടാക്കാന്‍ ഒരു വര്‍ഷം വേണ്ട, പത്തു മിനിട്ട് മതി. സര്‍ക്കാരിന്റേത് സാമൂഹ്യനീതി ഉറപ്പാക്കുന്ന തീരുമാനമാണെങ്കില്‍ നടപ്പാക്കാന്‍ എം.ഇ.എസ് തയ്യാറാണ്. മറിച്ച് രണ്ട് രീതിയിലുള്ള പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി സഭാ ഉപസമിതിയും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ പ്രതിനിധികളും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ കൗണ്‍സിലിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ നിലവിലുള്ള ഫീസ് ഘടന തുടരാന്‍ ധാരണയായിരുന്നു. മന്ത്രിമാരായ കെ.എം മാണി, പി.ജെ ജോസഫ്, അടൂര്‍ പ്രകാശ്, പി.കെ അബ്ദുറബ് എന്നിവരാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. അടുത്ത വര്‍ഷം പ്രവേശനത്തിന് ഏകീകൃത സംവിധാനം കൊണ്ടുവരും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഫോര്‍മുല സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം കൗണ്‍സില്‍ സമര്‍പ്പിക്കണമെന്നും ചര്‍ച്ചയില്‍ ധാരണയായിരുന്നു.