തിരുവനന്തപുരം: പാക്കിസ്ഥാന്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട രാജ്യമാണെന്നു ഭൂട്ടോ കുടുംബത്തിലെ ഇളംതലമുറക്കാരിയും പ്രമുഖ എഴുത്തുകാരി യുമായ ഫാത്തിമ ഭൂട്ടോ. പരാജയപ്പെട്ട ഒരു രാജ്യമല്ല പാക്കിസ്ഥാന്‍. ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും പരാജയപ്പെട്ടിരിക്കാം. എങ്കിലും, ജനാധിപത്യബോധമുള്ള ഒരു ജനതയുള്ളിടത്തോളം പാക്കിസ്ഥാന്‍ പരാജയപ്പെടില്ലെന്നും ഫാത്തിമ പറഞ്ഞു.

ഗവണ്‍മെന്റ് ഒരു പക്ഷെ പരാജയപ്പെട്ടിരിക്കാം. രീതികളും പരാജയമാവാം. എന്നാല്‍ വന്‍ സമ്പത്തുള്ള രാജ്യമാണ് പാക്കിസ്ഥാനെന്നും ഫാത്തിമ പറഞ്ഞു. കോവളം സാഹിത്യോല്‍സവം ഉദ്ഘാടനം ചെയ്യാനാണു ഫാത്തിമ തലസ്ഥാനത്തെത്തിയത്. മുന്‍ പാക്ക് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകന്‍ മുര്‍ത്താസ ഭൂട്ടോയുടെ മകളാണു ഫാത്തിമ. സാഹിത്യ സമ്മേളനം ഇന്നു 10ന് കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യും.

Subscribe Us:

ജനാധിപത്യത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ ഇന്ന് സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ട് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട. വെള്ളപ്പൊക്ക കെടുതിയില്‍ ആളുകള്‍ പട്ടിണിയില്‍ കിടക്കുന്ന സമയത്ത് വാള്‍സ്ട്രീറ്റ് ജേണലില്‍ പരസ്യം നല്‍കുന്നതിനായി പാക്ക്‌സര്‍ക്കാര്‍ നല്‍കിയത് മൂന്ന് ബില്യണ്‍ ഡോളറാണ്. ഇതിനെ ജനാധിപത്യം എന്ന് നമുക്ക് വിളിക്കാനാവില്ല- ഫാത്തിമ പറഞ്ഞു.