എഡിറ്റര്‍
എഡിറ്റര്‍
ഖനിമാഫിയ ഐ.പി.എസ് ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റി കൊന്നു: ഗൂഢാലോചനയെന്ന് പിതാവ്
എഡിറ്റര്‍
Friday 9th March 2012 9:31am

ഭോപ്പാല്‍: അനധികൃത ഖനനം തടയാന്‍ ശ്രമിച്ച യുവ ഐ.പി.എസ് ഓഫീസറെ ഖനന മാഫിയ ട്രാക്ടര്‍ കയറ്റിക്കൊന്നു. മധ്യപ്രദേശിലെ മൊറീന ജില്ലയിയിലാണ് സംഭവം. മൊറെനയില്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറായി നിയമിക്കപ്പെട്ട 2009 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ നരേന്ദ്രകുമാറാണ് കൊല്ലപ്പെട്ടത്.

നരേന്ദ്രകുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ കേശവ് ദേവ് പറഞ്ഞു. ‘ ഇത് വളരെ ആസൂത്രണം ചെയ്ത് നടത്തിയ ഒരു കൊലപാതകമാണ്. നരേന്ദ്രകുമാറിന് ലോക്കല്‍ പോലീസിന്റെ സഹകരണം ലഭിച്ചിരുന്നില്ല. കല്ലുകള്‍ കയറ്റിവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്കായി അദ്ദേഹം തടഞ്ഞു. അത് ഐ.പി.എസ് ഓഫീസറുടെ ജോലിയാണോ അതോ ലോക്കല്‍ പോലീസിന്റെ ജോലിയാണോ? ‘  കേശവ ദേവ് വ്യക്തമാക്കി.

അനധികൃത ക്വാറികളില്‍ റെയ്ഡ് ചെയ്യാനെത്തിയതായിരുന്നു പൊലീസ് സംഘം . നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നുള്ള കല്ലുകള്‍ കയറ്റിയ ട്രാക്ടര്‍ നിര്‍ത്താന്‍ നരേന്ദ്രകുമാര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു.  എന്നാല്‍ പ്രകോപിതനായ ഡ്രൈവര്‍  ട്രാക്ടര്‍ നരേന്ദ്രകുമാറിനു നേരെ ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ചമ്പല്‍ റേഞ്ച് ഡി.ഐ.ജി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ഗുരുതരമായ പരുക്കേറ്റ നരേന്ദ്രകുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറായ മനോജ് ഗുജ്ജാര്‍ എന്നയാളെ  പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ സെക്ഷന്‍ 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഉമ ശങ്കര്‍ ഗുപ്ത പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണെന്നും ആരുടെ കീഴിലാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്ന് വ്യക്തമായിട്ടില്ലെന്നും ഡി.ഐ.ജി പറഞ്ഞു.

നരേന്ദ്രകുമാറിന്റെ ഭാര്യ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.


Malayalam news

Kerala news in English

Advertisement