Frederick-Sanger

ലണ്ടന്‍: ജീനോമിക്‌സിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഫ്രെഡറിക് സാങ്ങര്‍ അന്തരിച്ചു. രസതന്ത്രത്തിന് രണ്ട് തവണ നൊബേല്‍ പുരസ്‌കാരം നേടിയ ഒരേയൊരു ശാസ്ത്രജ്ഞനാണ് അദ്ദേഹം.

കേംബ്രിഡ്ജിന് സമീപം സ്വാഫ്ഹാം ബുള്‍ബെക് എന്ന ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

ജീനോം ഗവേഷണത്തിലും പ്രോട്ടീന്‍ പഠനരംഗത്തും ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

അമിനോ ആസിഡുകള്‍ കൂടിച്ചേര്‍ന്ന് ഇന്‍സുലിന്‍ പ്രോട്ടീന്‍ രൂപപ്പെടുന്നതെങ്ങനെ എന്ന കണ്ടെത്തിയതിനാണ് 1958-ല്‍ സാങ്ങറിന് ഓസ്‌കര്‍ ലഭിച്ചത്. ശരീരത്തിലെ ഏത് തരം പ്രോട്ടീനിനെയും കീറി മുറിച്ച് പഠിക്കാനുള്ള മാര്‍ഗമാണ് ഇതോടെ ശാസ്ത്രലോകത്തിന് കൈവന്നത്.

ജനറ്റിക് കോഡിലെ രാസാക്ഷരങ്ങള്‍ തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള വഴി കണ്ടെത്തിയതോടെ രണ്ടാമത്തെ നൊബേല്‍ സമ്മാനത്തിനും അര്‍ഹനായി. 1980-ല്‍ ആയിരുന്നു ഇത്.

ജീവികളുടെ ജനിതകരഹസ്യം കണ്ടെത്താനുള്ള അത്ഭുതവിദ്യയായിരുന്നു ഇത്. 1990-കളുടെ ആരംഭത്തില്‍ ഹ്യൂമന്‍ ജീനോം പദ്ധതി ആരംഭിക്കാന്‍ ശാസ്ത്രലോകത്തെ പ്രാപ്തമാക്കിയതും ഇത് തന്നെ.

‘ഏറിയോ കുറഞ്ഞോ ഇഷ്ടമുള്ളത് ചെയ്യാന്‍ എനിക്കായി, അതുകൊണ്ടാണ് ഞാന്‍ ഗവേഷണം നടത്തുന്നത്.’ ഒരിക്കല്‍ സാങ്ങര്‍ പറഞ്ഞു.

1918 ഓഗസ്റ്റ് മൂന്നിന് ഇംഗ്ലണ്ടിലെ റെന്‍ഡ്‌കോമ്പിലാണ് സാങ്ങര്‍ ജനിച്ചത്. പിതാവ് ഡോക്ടറായിരുന്നു. ആദ്യതീരുമാനം വൈദ്യശാസ്ത്രം പഠിക്കാനായിരുന്നെങ്കിലും പിന്നീട് ബയോകെമിസ്ട്രി പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1939-ല്‍ ബിരുദം നേടിയ സാങ്ങര്‍ 1943-ല്‍ കേംബ്രിഡ്ജില്‍ നിന്ന് ഡോക്ടറേറ്റ് നേടി. അവിടെ തന്നെയായിരുന്നു ഗവേഷണങ്ങളും.

സാങ്ങര്‍ പഠനം തുടങ്ങുന്ന കാലത്ത് പ്രോട്ടീനുകളെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമായിരുന്നു. അമിനോ ആസിഡുകള്‍ കൂടിച്ചേര്‍ന്നാണ് പ്രോട്ടീനുകള്‍ ഉണ്ടാകുന്നതെന്നറിയാം. 22 തരം അമിനോ ആസിഡുകളുണ്ടെന്നും അറിയാം. എന്നാല്‍ വ്യത്യസ്ത പ്രോട്ടീനുകളില്‍ ഏതൊക്കെ അമിനോ ആസിഡുകള്‍ ഏത് ക്രമത്തിലാണുള്ളതെന്നത് അജ്ഞാതമായിരുന്നു.

ഇന്‍സുലിനെ കുറിച്ചായിരുന്നു സാങ്ങറുടെ ആദ്യ പഠനം. മറ്റുള്ളവയെ അപേക്ഷിച്ച് ലളിതഘടനയുള്ളതായിട്ട് പോലും പത്ത് വര്‍ഷം കൊണ്ടാണ് ഇന്‍സുലിന്റെ ഘടന മനസ്സിലാക്കാന്‍ സാധിച്ചത്.

1954-ല്‍  അദ്ദേഹം ഗവേഷണഫലം പ്രസിദ്ധീകരിച്ചു. നാലാം വര്‍ഷം നോബല്‍ സമ്മാനം ലഭിച്ചു.

1962 മുതല്‍ ബ്രിട്ടീഷ് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് മോളിക്യുലര്‍ ബയോളജിയിലേയ്ക്ക് സാങ്ങര്‍ ഗവേഷണം മാറ്റി. ഇവിടെ വെച്ചാണ് ഡി.എന്‍.എയെ കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്.

ഇരട്ടപ്പിരിയന്‍ ഗോവണിയുടെ ആകൃതിയിലുള്ള ഡി.എന്‍.എ ജീവന്റെ തന്മാത്ര എന്നാണറിയപ്പെടുന്നത്. ഡി.എന്‍.എ തന്മാത്രയിലെ രാസാക്ഷരങ്ങളെ ശരിയായ ക്രമത്തില്‍ വായിച്ചെടുക്കാനുള്ള വിദ്യയാണ് അദ്ദേഹം കണ്ടെത്തിയത്. ഇതോടെ 500-800 രാസാക്ഷരങ്ങള്‍ അടങ്ങിയ ഡി.എന്‍.എയെ ഒരേ സമയം പെട്ടെന്ന് വായിച്ചെടുക്കാന്‍ കഴിയുമെന്നായി.

താന്‍ തന്നെ കണ്ടെത്തിയ മാര്‍ഗമുപയോഗിച്ച് 1977-ല്‍ അദ്ദേഹം 5000 അക്ഷരങ്ങളുള്ള ഒരു വൈറസിന്റെ ജീനോം പൂര്‍ണമായും കണ്ടെത്തി. ഒരു ജീവിയുടെ ജനറ്റിക്കല്‍ കോഡ് ആദ്യമായി ലോകത്തിന് മുമ്പില്‍ വെളിച്ചപ്പെടുകയായിരുന്നു അന്ന്.

ഈ കണ്ടുപിടുത്തത്തിന് പോള്‍ ബെര്‍ഗ്, വാള്‍ട്ടര്‍ ഗില്‍ബര്‍ട്ട് എന്നിവര്‍ക്കൊപ്പം രസതന്ത്രത്തിനുള്ള നൊബേല്‍ പങ്കിട്ടു.