തൃപ്പൂണിത്തുറ:  ബസ്സില്‍ യാത്ര ചെയ്യുന്നതിനിടയ്ക്ക് വിദ്യാര്‍ത്ഥിനിയായ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛന്‍ തര്‍ക്കത്തിനിടെ ബസ്സില്‍ കുഴഞ്ഞുവീണു മരിച്ചു. കൊട്ടാരം എന്‍ക്ലേവ് എഫ്2 ല്‍ താമസിക്കുന്ന കെ.ജി വിജയന്‍ 52 ആണ് മരിച്ചത്. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിന് കണ്ണൂര്‍ മുഴപ്പിലങ്ങാട് ഷൈന നിവാസില്‍ സജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നന്നായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.

തിരുവല്ലയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ്സില്‍ മുന്‍ഭാഗത്തായിരുന്നു വിജയനും ഭാര്യ അനിതയും മകളും നിന്നിരുന്നത്. മകളെ യുവാവ് ശല്യം ചെയ്തപ്പോള്‍ വിജയന്‍ ചോദ്യം ചെയ്യുകയും ‘നിനക്ക് അമ്മയും പെങ്ങളുമില്ലേ’ എന്ന് ചോദിക്കുകയും ചെയ്തു. തിരിച്ച് യുവാവ് കര്‍ക്കശമായി തര്‍ക്കിച്ചപ്പോഴാണ് വിജയന്‍ കുഴഞ്ഞുവീണതെന്ന് ബസ്സിലെ യാത്രക്കാര്‍ പറഞ്ഞതായി തൃപ്പൂണിത്തറ പോലീസ് അറിയിച്ചു.

വിജയനെ യാത്രക്കാരും ഓട്ടോക്കാരും ചേര്‍ന്ന് വടക്കേകോട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.