കൊച്ചി: ഫാദര്‍ ജോസ് ചിറ്റിലപ്പള്ളി വധക്കേസിലെ പ്രതി രഘുവിന് സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ജീവപര്യന്തം ശിക്ഷ ഒരുമിച്ച് അനുഭവിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളം സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 35,000 രൂപ പിഴയും പ്രതി അടയ്ക്കണം.

Ads By Google

Subscribe Us:

ചാലക്കുടി തുരുത്തിപ്പറമ്പ് സഹായമാതാ പള്ളി വികാരിയായിരുന്ന ഫാദര്‍ ചിറ്റിലപ്പള്ളി 2004 ആഗസ്ത് 28നാണ് കൊല്ലപ്പെട്ടത്. പരിസരവാസിയായ രഘുവാണ് കൊല നടത്തിയതെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. സാക്ഷി മൊഴികളില്‍ നിന്നും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു. ഇതിനിടെ തുരുത്തിപ്പറമ്പ് പന്തല്‍ക്കൂട്ടം രഘുകുമാര്‍ അറസ്റ്റിലായിരുന്നു.

മറ്റു ചിലര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കേസ് സി.ബി.ഐയ്ക്ക് കൈമാറിയെങ്കിലും സി.ബി.ഐ അന്വേഷണവും രഘുകുമാറില്‍ തന്നെ ചെന്ന് അവസാനിക്കുകയായിരുന്നു.

ഫാദര്‍ ചിറ്റിലപ്പള്ളിയോട് പ്രതിക്കുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. നേരത്തെ മറ്റൊരു കൊലക്കേസിലും രഘുകുമാര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സി. ബി. ഐ ചെന്നൈ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറാണ് കേസ് അന്വേഷിച്ചത്.