അജയ് ദേവ്ഗണും സൊണാക്ഷി സിന്‍ഹയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സര്‍ദാറിന്റെ ചിത്രീകരണത്തിനിടെ അപകടം. അപകടത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ മരിച്ചു. പ്രൊഡക്ഷന്‍ ടീമിലുള്ള ടെക്‌നീഷ്യന്റെ ദേഹത്തെ വൈദ്യുതി പ്രവാഹമുള്ള വയര്‍ വീണതാണ് അപകടകാരണം. തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം.

അപകടത്തെക്കുറിച്ച് ദൃക്‌സാക്ഷി പറയുന്നതിങ്ങനെ, ‘ പ്രൊജക്ടിന്റെ മെയിന്‍ സ്വിച്ചിലേക്ക് വയര്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് ഷോക്കേല്‍ക്കുകയായിരുന്നു.’

പഞ്ചാബിലായിരുന്നു ഷൂട്ടിംഗ്. അഭിനേതാക്കളുടെ ഡേറ്റ് കുറവായതിനാല്‍ ഈ മാസം കൊണ്ട് തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ ഈ ദുരന്തം ചിത്രീകരണത്തെ വലിയ തോതില്‍ ബാധിച്ചിരിക്കുകയാണ്. എന്നാല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കുന്നെന്നോ തുടരുമെന്നോ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ദുരന്തം ചിത്രത്തില്‍ പങ്കാളികളായ എല്ലാവരെയും ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. മനുഷ്യജീവന് പകരമായി മറ്റൊന്ന് നല്‍കാനാവില്ലെന്ന് അജയ് ദേവഗണ്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ക്കാവുന്നത് ചെയ്യുമെന്നും അജയ് വ്യക്തമാക്കി.