തിരുവനന്തപുരം: ശമ്പളപരിഷ്‌കരണത്തിനുള്ള ജസ്റ്റിസ് മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ സംസ്ഥാനവ്യാപകമായി ഉപവാസ സമരം നടത്തി.

ശമ്പളപരിഷ്‌കരണം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ആവശ്യം ന്യായമാണെന്ന് തിരുവനന്തപുരത്ത് ഉപവാസ സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

വേജ് ബോര്‍ഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരി്ക്കണമെന്ന് കൊച്ചിയില്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു.

തൃശ്ശൂരില്‍നടന്ന ഉപവാസ സമരം ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതു-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെയും ശമ്പളപരിഷ്‌കരണം അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ശമ്പളപരിഷ്‌കരണം 12 വര്‍ഷമായി നടപ്പാക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അഴീക്കോട് അഭിപ്രായപ്പെട്ടു.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമരം നടന്നു. വൈകുന്നേരം നാലുവരെയാണ് പത്രപ്രവര്‍ത്തകരും പത്രജീവനക്കാരും ഉപവാസമിരുന്നത്.