Administrator
Administrator
കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ഹസാരെ
Administrator
Wednesday 6th April 2011 11:36am

ന്യൂദല്‍ഹി: തന്റെ പ്രതിഷേധത്തെ അനാവശ്യമെന്നും, അപക്വമെന്നും പറഞ്ഞ് തള്ളുന്ന കോണ്‍ഗ്രസ് ആളുകളെ വഞ്ചിക്കുകയാണെന്ന് പ്രശസ്ത ഗാന്ധിയന്‍ അണ്ണ ഹസാരെ. എന്ത്‌കൊണ്ടാണ് തന്റെ നിരാഹാര സമരത്തെ അനാവശ്യമെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയനിര്‍മാണത്തില്‍ ജനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം അംഗീകരിക്കുന്നതുവരെ താന്‍ നിരാഹാരം അവസാനിപ്പിക്കില്ല. അഴിമതിയ്‌ക്കെതിരെ ബുധനാഴ്ച ബി.ജെ.പി നടത്തുന്ന ക്യാമ്പയിനിങ്ങിനെ കുറിച്ച് ചോദിപ്പോള്‍ രാജ്യവ്യാപകമായി താന്‍ തുടക്കമിട്ട ചലനത്തെ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.

ബി.ജെ.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അവരുടെ ഇഷ്ടം പോലെ അവര്‍ക്ക് ചെയ്യാം. മുന്‍കാലത്ത് ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയ്‌ക്കെതിരെ താന്‍ പ്രതിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് പിന്താങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു.ബി.ജെ.പി നേതാക്കളായ മേനകാ ഗാന്ധിയും പ്രകാശ് ജാവേദകറും ചൊവ്വാഴ്ച ഹസാരെയുടെ നിരാഹാരസ്ഥലം സന്ദര്‍ശിച്ചിരുന്നു. ജാന്‍ ലോക്പാല്‍ ബില്ലിന് പിന്തുണ നല്‍കിക്കൊണ്ട് ജെ.ഡി.യു നേതാവ് ശരദ് യാദവ് അദ്ദേഹത്തെ കണ്ടിരുന്നു.

അഴിമതി തടയാന്‍ കേന്ദ്രം കര്‍ശന നിലപാടെടുക്കണമെന്നും ലോക്പാല്‍ ബില്‍ പാസാക്കണമെന്നും ആവശ്യപ്പെട്ട് ഹസാരെ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം രണ്ടാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്.

രാജ്യത്തെ ഉന്നതഉദ്യോഗസ്ഥരും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരും നടത്തുന്ന അഴിമതി അവസാനിപ്പിക്കണമെന്നും ജാന്‍ ലോക്പാല്‍ ബില്‍ പാസാക്കണമെന്നുമാണ് അദ്ദേഹം പ്രധാനമായും ആവശ്യപ്പെടുന്നത്. ലോക്പാല്‍ ബില്ലില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹസാരെ പറഞ്ഞ കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

സ്വാമി അഗ്‌നിവേശ്, മുന്‍ ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദി എന്നിവരടക്കം നിരവധി ആളുകള്‍ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement