വടകര: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വടകരയില്‍ ഉപവസിക്കുന്നു. ഇന്ന് രാത്രി എട്ടുമണിവരെയാണ് ഉപവാസം. രമേശ് ചെന്നിത്തലയോടൊപ്പം കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍,മന്ത്രി കെ.പി.അനില്‍ കുമാര്‍, എഴുത്തുകാരി കെ.പി.സുധീര, എംഎല്‍എമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തില്‍ വര്‍്ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും രാഷ്ട്രീയ കൊലപാതകത്തിനുമെതിരെയാണ് ചെന്നിത്തലയുടെ ഉപവാസം. സമാധാനമാഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ചെന്നിത്തലയുടെ ഉപവാസമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊല്ലും കൊലയും മുഖമുദ്രയാക്കിയ രാഷ്ട്രീയ പാര്‍ട്ടികളുടെ വിളയാട്ടം കേരളത്തില്‍ അവസാനിപ്പിക്കാറായെന്നും ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ ശക്തനാണ് കൊല്ലപ്പെട്ട ചന്ദ്രശേഖരനെന്ന് പിണറായി വി്ജയന്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നു വടകര താലൂക്ക് ഒഴികെയുള്ള കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കും.