മുംബൈ: നഗരങ്ങളിലെ തിരക്കു പിടിച്ച ജീവിതം, ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ല. ടെന്‍ഷനും, ജോലിത്തിരക്കും ഫാസ്റ്റ് ഫുഡും കവര്‍ന്നെടുക്കുന്ന ആരോഗ്യം. ഇത് മനുഷ്യ ഹൃദയത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്.

2010ല്‍ ബി.എം.സി നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുമ്പോള്‍ പുതിയ തലമുറയ്ക്കിടയില്‍ ഭീകരമായ തോതില്‍ ഈ മോശം ആരോഗ്യ രീതി വളരുന്നുണ്ടെന്നത് വ്യക്തമാകും. മുംബൈ ആസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

കഴിഞ്ഞ വര്‍ഷം മുംബൈയിലെ മിക്ക മരണങ്ങളുടേയും പിന്നില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളായിരുന്നു. സാധാരണയുണ്ടാവുന്നതിനേക്കാള്‍ 32% അധികം ആളുകളാണ് ഹൃദ്രോഗം കാരണം മരിച്ചിട്ടുള്ളത്. ഇവിടെയുള്ള 8ല്‍ ഒരാള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. പ്രമേഹം മൂലമുണ്ടാകുന്ന മരണം ഇവിടെ 52% വര്‍ധിച്ചിട്ടുണ്ട്.

പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞവര്‍ഷം 30,000 ജീവനുകളാണ് ഇവിടെ തീര്‍ന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം മുംബൈ നിവാസികള്‍ക്ക് ഹൃദ്രോഗം ബാധിച്ചിട്ടുണ്ട്. ജോലിത്തിരക്കും, ജീവിത പ്രശ്‌നങ്ങളും കാരണം ശരിയായി ആഹാരം കഴിക്കാനോ വ്യായാമം ചെയ്യാനോ പലര്‍ക്കും സമയമില്ല. ഇതാണ് പലരേയും രോഗത്തിന്റെ പിടിയിലാക്കുന്നത്.

മുംബൈയിലെ മാത്രം സ്ഥിതിയല്ല. രാജ്യത്തിന്റെ പല നഗരങ്ങളിലേയും കണക്ക് ഇതിലും ഞെട്ടിക്കുന്നതാണ്. ആഹാരശീലങ്ങളിലും, ജീവിതചര്യകളിലുമുണ്ടായ മാറ്റങ്ങള്‍ നമ്മളെ അത്രത്തോളം പിടിച്ചുകുലുക്കിയിട്ടുണ്ട്. ഗ്രാമങ്ങളിലെ സ്ഥിതിയും ഇതില്‍ നിന്നും ഏറെ വ്യത്യസ്തമല്ല. നഗരസംസ്‌കാരത്തിന്റെ പ്രതിഫലനങ്ങള്‍ മിക്ക ഗ്രാമങ്ങളും കാട്ടിത്തുടങ്ങിയിട്ടുണ്ട്.