ഇസ്‌ലാമാബാദ്: അഴിമതിക്കെതിരായി ഹസാരെ മാതൃകയില്‍ നിരാഹാര സമരത്തിന് പാക്കിസ്ഥാനും വേദിയാകുന്നു. . വര്‍ധിച്ചുവരുന്ന അഴിമതിക്കെതിരായി 68 കാരനായ വ്യവസായി ജഹാംഗീര്‍ അക്തറാണ് സെപ്തംബര്‍ 12 മുതല്‍ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ തയ്യാറാക്കുന്ന ലോക്പാല്‍ ബില്‍ മാതൃകയില്‍ അഴിമതിവിരുദ്ധ നിയമം പാക് നാഷണല്‍ അസംബ്ലിയില്‍ പാസാക്കണമെന്നാണ് അക്തറിന്റെ ആവശ്യം. ഇന്ത്യയിലുള്ളതിനേക്കാള്‍ ഭീകരമാണ് പാക്കിസ്ഥാനിലെ അഴിമതി  എന്നും ദാരിദ്ര്യം, നിരക്ഷരത, തീവ്രവാദം, വൈദ്യുതി ദൗര്‍ലഭ്യം, മോശം ഭരണം എന്നിവയ്ക്ക് അഴിമതി കാരണമാകുമെന്നും അക്തര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനു മുന്‍പും അവകാശസമരവുമായി അക്തര്‍ രംഗത്തെത്തിയിരുന്നു. വ്യാപാരികള്‍ക്കുവേണ്ടി 22 ദിവസംനീണ്ട സമരത്തിന് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ബജറ്റില്‍ പ്രതിരോധമേഖലയ്ക്ക് കൂടുതല്‍തുക നീക്കിവെച്ചതിനെതിരേ അക്തര്‍ രംഗത്തെത്തിയിരുന്നു.