Administrator
Administrator
ഫാസിസവും തീവ്രവാദവും ചങ്ങാത്തം കൂടുമ്പോള്‍
Administrator
Tuesday 21st February 2012 5:51pm

Rashtriy swayam sewak

എസ്സേയ്‌സ് / കെ.ടി കുഞ്ഞിക്കണ്ണന്‍

മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം അട്ടിമറിക്കുന്നതില്‍ മുസ്ലിംലീഗ് നേതൃത്വവും ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ളയും നടത്തിയ നീചമായ ഗൂഢാലോചനയുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണല്ലോ. മാറാട് സംഭവങ്ങളെ ഉപയോഗിച്ച് ഭീതിദമായ സമുദായ ധ്രുവീകരണത്തിലേക്ക് കേരളീയ സമൂഹത്തെ തള്ളിവിടാന്‍ ബി.ജെ.പിയും മറ്റിതര സംഘപരിവാര്‍ സംഘടനകളും നടത്തിയ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ എത്രമാത്രമായിരുന്നു. ഒരു കൂട്ടം ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ നിന്ദ്യമായ കൂട്ടക്കൊലയുടെ പേരില്‍ മാറാട് കടപ്പുറത്തു നിന്നും മുസ്ലിം മതവിശ്വാസികളെയാകെ സംഘപരിവാര്‍ സംഘടനകള്‍ അടിച്ചോടിച്ചു. അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദി സംഘടനകളെയും അവരുടെ പ്രാദേശിക രക്ഷാധികാരികളായ മുസ്ലിംലീഗ് നേതൃത്വത്തെയും എതിര്‍ക്കുന്നതിന് പകരം മാറാട് കൂട്ടക്കൊലയെത്തുടര്‍ന്ന് ഭീകരമായ മുസ്ലിം വിരുദ്ധ വികാരം ഇളക്കി വിടാനാണ് ആര്‍.എസ്.എസ്സുകാര്‍ ആസൂത്രിതമായി ശ്രമിച്ചത്.

മാറാട് കൂട്ടക്കൊലക്കുത്തരവാദികളായ തീവ്രവാദികളും അവരുടെ സംരക്ഷകരുമായി ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയ്ക്കുള്ള ബാന്ധവം അന്വേഷിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹികളെന്ന് ബി.ജെ.പിയും സംഘപരിവാര്‍ നേതാക്കളും നിരന്തരമായി ആക്ഷേപിക്കുന്ന എല്ലാവിധ വിധ്വംസക ശക്തികളുമായി ബി.ജെ.പി നേതൃത്വം പുലര്‍ത്തിപ്പോരുന്ന രഹസ്യബാന്ധവത്തിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്. സംഘപരിവാര്‍ നേതാക്കളുടെ ഇത്തരം രഹസ്യബാന്ധവങ്ങളുടെ ചരിത്രം ഞെട്ടിപ്പിക്കുന്നതാണ്.

ശ്രീധരന്‍ പിള്ള മലയാളിയുടെ മധ്യവര്‍ഗ്ഗ സെന്‍സിബിലിറ്റിയെ സുഖിപ്പിക്കുന്ന പൊടിക്കൈകളെല്ലാം പയറ്റി ഒരു ലിബറല്‍ പരിവേഷത്തില്‍, ഗോള്‍വാര്‍ക്കര്‍ മുമ്പ് പറഞ്ഞ ‘മറ്റെ പണി’ ഭംഗിയായി നിര്‍വഹിച്ചു പോരുന്നയാളാണ്

ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഗംഗോത്രിയെന്ന് സംഘപരിവാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന പാകിസ്ഥാനും ഐ.എസ്.ഐയുമായി ബി.ജെ.പി നേതാക്കള്‍ക്കുള്ള ബന്ധം മറനീക്കി പുറത്തു കൊണ്ടുവന്ന സംഭവങ്ങളായിരുന്നു ഹവാലാ കേസും കാണ്ഡഹാറിലേക്കുള്ള വിമാന റാഞ്ചല്‍ സംഭവവും. ’93ലെ മുംബൈ സ്‌ഫോടനമടക്കമുള്ള ഇന്ത്യയിലെ ഐ.എസ്.ഐ പ്രവര്‍ത്തനങ്ങളുടെ ആസൂത്രകനായ ദാവൂദ് ഇബ്രാഹീമിന്റെ സംഘത്തിന് അഭയം നല്‍കിയത് ബ്രിജ്ഭൂഷണ്‍ ശരണ്‍ദാസ് എന്ന ബി.ജെ.പി എം.പിയായിരുന്നു.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കേന്ദ്രീകരിച്ച് നടക്കുന്ന മയക്കു മരുന്ന് കള്ളക്കടത്തിലൂടെയാണ് അല്‍ഖ്വയ്ദ തങ്ങളുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നത്. പാകിസ്ഥാനില്‍ നിന്നും ആയിരക്കണക്കിന് കോടികളുടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പിടിയിലായത് ബി.ജെ.പിയുടെ ഗുജറാത്തിലെ എം.എല്‍.എ ആയിരുന്ന ഹരീഷ് റാവുത്തറായിരുന്നു. വിഘടനവാദത്തിനെതിരെയും രാജ്യത്തെ ശിഥിലീകരിക്കുന്ന പ്രാദേശികവംശീയ സംഘടനകള്‍ക്കെതിരെയും വാചകമടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെയാണ് അദ്വാനി, ടാറ്റ മാനേജ്‌മെന്റും ഉള്‍ഫ തീവ്രവാദികളും തമ്മിലുള്ള രാജ്യദ്രോഹ ബാന്ധവത്തിന് മറയിടാനും ടാറ്റ മുതലാളിയെ രക്ഷിക്കാനും രംഗത്തിറങ്ങിയത്. 1997ല്‍ വിവരമറിഞ്ഞ ഉടന്‍ അദ്വാനി ദല്‍ഹിയില്‍ നിന്ന് ഗോഹട്ടിയിലേക്ക് പറക്കുകയായിരുന്നു.

ദല്‍ഹിയിലെ ബി.ജെ.പി നേതാക്കളുടെ സ്വന്തം സംരക്ഷകനും പണദാതാവുമായ രമേശ് ശര്‍മ്മ എന്ന പ്രമാണിക്ക് ദാവൂദ് ഇബ്രാഹീമുമായുള്ള ബന്ധം പരസ്യമാക്കപ്പെട്ട ഒരു രഹസ്യം മാത്രമാണ്. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും അവരുടെ പ്രവൃത്തികളും കൃത്യമായ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിലധിഷ്ഠിതമാണ്.

ഏറ്റവും വലിയ രാജ്യസ്‌നേഹികളായി വേഷമിടുന്ന സംഘപരിവാര്‍, ശിഥിലീകരണ ശക്തികള്‍ക്കും ദേശവിരുദ്ധ ശക്തികള്‍ക്കുമെതിരെ വലിയ ആക്രോശം നടത്തുന്നവരാണ്. എന്നാല്‍ എല്ലാവിധ രാജ്യദ്രോഹ ശക്തികളും ഇന്ത്യാവിരുദ്ധ പ്രവൃത്തനങ്ങളുമായി ഗാഢമായ ബന്ധം പുലര്‍ത്തുന്നവരാണ് സംഘപരിവാറെന്ന് അവരുടെ രഹസ്യ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവും.

ഓരോ ശാഖയിലും ഭക്ത്യാദരപൂര്‍വ്വം നിര്‍വ്വഹിക്കുന്ന അഖണ്ഡഭാരത പ്രതിജ്ഞ മുതല്‍ ആര്‍.എസ്.എസിന്റെ ഓരോ രാജ്യസ്‌നേഹ നാട്യവും കടുത്ത ദേശദ്രോഹ ചെയ്തികളെ മറച്ചു പിടിക്കുവാനുള്ള വേഷം കെട്ടലുകള്‍ മാത്രമാണ്. ഹിന്ദുത്വവും അതിന്റെ പേരിലുള്ള സംഘപരിവാറിന്റെ വര്‍ഗീയവല്‍ക്കരണവും നിഷ്‌കളങ്കരായ സാധാരണ ഹിന്ദുമത വിശ്വാസികളുടെ മതവികാരത്തെ സ്വന്തം കുടില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുവാനുള്ള കുത്സിതമായ ശ്രമം മാത്രം. സംഘപരിവാറിന്റെ ഉത്ഭവം മുതലുള്ള അവരുടെ രാഷ്ട്രീയ പരിണാമങ്ങളും നിലപാടുകളും നിരീക്ഷിച്ചിട്ടുള്ള പല രാഷ്ട്രീയ നിരീക്ഷകരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതിനേക്കാളെല്ലാമുപരി, വളരെ വ്യക്തമായും സാമ്രാജ്യത്വ മൂലധനതാത്പര്യങ്ങളുടെ ഏറ്റവും നല്ല നടത്തിപ്പുകാരും ഏജന്റുമാരുമാണ് സംഘപരിവാര്‍. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ കൊളോണിയല്‍ വിരുദ്ധ സമരങ്ങളെ വഴിതെറ്റിക്കുവാനും ഇന്ത്യന്‍ ജനതയുടെ ഐക്യം തകര്‍ക്കുവാനുമുള്ള സാമ്രാജ്യത്വ തന്ത്രങ്ങളുടെയും കരുക്കളമായിട്ടാണ് മുസ്ലിംലീഗും ഹിന്ദുമഹാസഭയും പിന്നീട് ആര്‍.എസ്.എസ്സുമെല്ലാം ജന്മമെടുത്തത്. മുസ്ലിംലീഗിന്റെയും ഹിന്ദുമഹാസഭയുടെയും ആവിര്‍ഭാവ ഘട്ടത്തില്‍ തന്നെ അന്നത്തെ എ.ഐ.സി.സി അധ്യക്ഷനായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ പറഞ്ഞത് രണ്ടും വര്‍ഗ്ഗീയമാണെന്ന പോലെ ഇന്ത്യാവിരുദ്ധവുമാണെന്നാണ്. ആര്‍.എസ്.എസ് എങ്ങിനെ ബ്രിട്ടീഷ്  താല്‍പര്യങ്ങളുടെ നിര്‍വാഹകരായി പ്രവര്‍ത്തിച്ചുവെന്ന് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് രേഖകള്‍ തന്നെ വെളിവാക്കിയിട്ടുണ്ട്.

1947ന് ശേഷം അമേരിക്കന്‍ സാമ്രാജ്യത്വവും സി.ഐ.എയും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ തങ്ങളുടെ നവകൊളോണിയല്‍ താത്പര്യങ്ങളുടെ നിര്‍വ്വാഹകരായി സംഘപരിവാറിനെ ഉപയോഗിക്കുന്നുവെന്ന് അമ്പതുകളില്‍ സി.ഐ.എ ഉദ്യോഗസ്ഥനായ ജെ. എക്വറാന്റെ റിപ്പോര്‍ട്ടുകള്‍ തെളിവുകള്‍ നല്‍കുന്നുണ്ട്. പാവപ്പെട്ട ഹിന്ദു മത വിശ്വാസികളെ ഇളക്കി വിട്ട് നാടിനെയാകെ വര്‍ഗ്ഗീയ വത്കരിക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്ന ഇന്ത്യാവിരുദ്ധ ശക്തികളുമായി രഹസ്യബന്ധം തുടരുന്നുവെന്നാണ് നിരവധി സംഭവങ്ങള്‍ അനാവരണം ചെയ്യുന്നത്.

തങ്ങളുടെ തന്നെ വര്‍ഗ്ഗീയ പ്രത്യയ ശാസ്ത്രത്തിന്റെയും പ്രയോഗത്തിന്റെയും പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ സൃഷ്ടിക്കപ്പെടുന്ന വിഘടനവിധ്വംസക ശക്തികളുമായി കൈകോര്‍ത്തു പിടിക്കുന്ന സംഘപരിവാര്‍ നേതാക്കളുടെ കപട മുഖമാണ് ദാവൂദ് ഇബ്രാഹീമുമായുള്ള ബന്ധം മുതല്‍ മാറാട് കൂട്ടക്കൊലക്കുത്തരവാദികളായവരുമായുള്ള അവരുടെ ബന്ധം വരെ തുറന്നു കാട്ടുന്നത്.

സി.ബി.ഐ അന്വേഷണവും ശ്രീധരന്‍ പിള്ളയും


P S Sreedharan Pillai, BJP Leaderപി.എസ് ശ്രീധരന്‍ പിള്ളയെ മലയാളികള്‍ക്കെല്ലാമറിയാം. സംഘപരിവാറിന്റെ ലിബറല്‍ മുഖമാണ് ശ്രീധരന്‍ പിള്ളയെന്നാണ് പല മാധ്യമ ബുദ്ധിജീവികളും അദ്ദേഹത്തിന് കല്‍പിച്ചു നല്‍കിയിരിക്കുന്ന പരിവേഷം. സംഘപരിവാറിന്റെ ഹാര്‍ഡ്‌കോറില്‍ ഉള്‍പ്പെട്ട ശ്രീധരന്‍ പിള്ള മലയാളിയുടെ മധ്യവര്‍ഗ്ഗ സെന്‍സിബിലിറ്റിയെ സുഖിപ്പിക്കുന്ന പൊടിക്കൈകളെല്ലാം പയറ്റി ഒരു ലിബറല്‍ പരിവേഷത്തില്‍, ഗോള്‍വാര്‍ക്കര്‍ മുമ്പ് പറഞ്ഞ ‘മറ്റെ പണി’ ഭംഗിയായി നിര്‍വഹിച്ചു പോരുന്നയാളാണ് (സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് പഞ്ചാബില്‍ നടന്ന ഒരി ഒ.ടി.സി ക്യാമ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബ്രിട്ടീഷ് ഭരണത്തില്‍ ചെയ്തതു പോലുള്ള പണി സംഘം തുടരുമെന്നാണ് ഒരു സ്വയം സേവകന്റെ ചോദ്യത്തിന് ഗോള്‍വാര്‍ക്കര്‍ മറുപടി നല്‍കിയത്.)

കവിത എഴുത്തും മാധ്യമ അഭിമുഖങ്ങളുമെല്ലാമായ ഒരു ഹാര്‍ഡ്‌കോര്‍ സ്വയം സേവകനില്‍ നിന്ന് താന്‍ അല്‍പം വ്യത്യസ്തനാണെന്ന് ഈ ബി.ജെ.പി നേതാവ് എപ്പോഴും നടിക്കുന്നു. എല്ലാം പ്രഛന്ന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന വര്‍ത്തമാന കാലമെന്നത് ആത്മ വഞ്ചനയുടെയും കാപട്യത്തിന്റെയും കാലം കൂടിയാണല്ലോ. ബ്രെഹത് പറഞ്ഞത് പോലെ കാപട്യം ഇല്ലാത്ത വാക്ക് വിഢിത്തമാകുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

സാധാരണ മനുഷ്യരുടെ ജീവിതം എത്രമാത്രം നിസ്സാരവും അരക്ഷിത പൂര്‍ണ്ണവുമാണെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ സംഭവങ്ങളാണ് മാറാട് കൂട്ടക്കൊല. ഒന്നാം മാറാടിനു ശേഷം എത്ര വേഗത്തിലാണ് സാമുദായിക ധ്രുവീകരണത്തിന്റെ തീരത്തേക്ക് കേരള സമൂഹം ആട്ടിത്തെളിക്കപ്പെട്ടത്. 2003 മെയ് രണ്ടിനാണ് ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊല നടന്നത്. നമ്മുടെ ജനാധിപത്യമതേതര പാരമ്പര്യങ്ങളെയാകെ നിരാകരിക്കുന്ന ഭ്രാന്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള അനുഭവങ്ങളിലൂടെയാണ് തുടര്‍ന്നുള്ള ദിനങ്ങളില്‍ കേരളം കടന്നു പോയത്.

വിദേശ പണവും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടും കൂടി നടന്ന മാറാട് കൂട്ടക്കൊലയുടെ പേരില്‍ നിരപരാധികളും സാധാരണക്കാരുമായ മാറാട്ടെ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ക്രൂരമായി വേട്ടയാടപ്പെട്ടു.
അടുത്ത പേജില്‍ തുടരുന്നു

Advertisement