കൊച്ചി: മുഹമ്മദ് ഫസല്‍ വധക്കേസില്‍ സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. ഫസലിന്റെ ഭാര്യ മറിയുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ കോടിയേരിയുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഫസല്‍ വധിക്കപ്പെടുമ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. ഭരണസംവിധാനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഹര്‍ജിയിലെ പരാതി. ഫസല്‍ വധിക്കപ്പെട്ടതിന് പിന്നാലെ ആര്‍.എസ്സ്.എസ്സുകാരാണ് കൊലയാളികളെന്ന് കോടിയേരി പറഞ്ഞതും ഹര്‍ജിയിലുണ്ട്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ യ്‌ക്കെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.

2006 ഒക്‌ടോബര്‍ 22നാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ കൊല്ലപ്പെട്ടത്. സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫിലേക്ക് മാറിയതിന്റെ വിരോധത്തെ തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു ആരോപണം. എന്നാല്‍ ആര്‍.എസ്.എസ്‌
പ്രവര്‍ത്തകരാണ് ഫസലിനെ വധിച്ചതെന്നായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി പ്രസ്താവന നടത്തിയത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് എറ്റെടുത്ത സി.ബി.ഐ ഫസലിനെ കൊല്ലാന്‍ സി.പി.ഐ.എം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെ കണ്ടെത്തിയിരുന്നു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ സി.ബി.ഐ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.