എഡിറ്റര്‍
എഡിറ്റര്‍
ഫസല്‍ വധം: ആസൂത്രകര്‍ സി.പി.ഐ.എം നേതാക്കളാണെന്ന് സി.ബി.ഐ
എഡിറ്റര്‍
Wednesday 23rd May 2012 4:30pm

തലശേരി :ഫസല്‍ വധക്കേസ്സില്‍ സി.പി.ഐ.എം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പ്രതി ചേര്‍ത്തതായി സി.ബി.ഐ
ഹൈക്കോടതിയെ അറിയിച്ചു.

ഇവര്‍ കേസില്‍ യഥാക്രമം ഏഴും ഏട്ടും പ്രതികളാണ്. അതേസമയം കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ച്ചത്തേയ്ക്കു മാറ്റി.

അറസ്റ്റിനു കോടതി നടപടികള്‍ തടസ്സമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇവരെ കേസില്‍ പ്രതി ചേര്‍ത്തതായി സി.ബി.ഐ കോടതിയെ അറിയിച്ചത്.

ഫസല്‍വധത്തിന്റെ   മുഖ്യസൂത്രധാരന്‍മാരാണ് കാരായി രാജനും ചന്ദ്രശേഖരനുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. സി.ബി.ഐയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രതികള്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്കു  മാറ്റിയത്.

2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ (35) തലശേരി മാടപ്പീടികയ്ക്ക് സമീപം വെച്ച് വെട്ടേറ്റു മരിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസുകാരാണെന്നായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് കണ്ടെത്തിയത്.

ഫസലിന്റെ ഭാര്യയുടെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തത്. ഫസല്‍ സി.പി.ഐ.എം വിട്ട് എന്‍.ഡി.എഫിലേക്ക് മാറിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Advertisement