കൊച്ചി: ഫസല്‍ വധക്കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പങ്ക് അന്വേഷിക്കാമെന്ന് ഹൈക്കോടതി. കേസന്വേഷണത്തിന്റെ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്നും ഹൈക്കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചു.

കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സി.ബി.ഐയോട് ഇക്കാര്യം നിര്‍ദേശിച്ചത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്. കോടിയേരിയുടെ പങ്ക് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും കോടതിയെ അറിയിച്ചു. ഫസല്‍ വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.ഐ. ഏറ്റെടുത്തിരുന്നത്.

ഫസലിനെ കൊല്ലാന്‍ സി.പി.എം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും മാരകായുധവുമായി പ്രതികള്‍ കൊല നടത്തി എന്നുമാണ് സി.ബി.ഐയുടെ ആരോപണം. 30 ഓളം മുറിവുകള്‍ ഫസലിന്റെ ദേഹത്തുണ്ടായിരുന്നു. ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

2006 ഒക്‌ടോബര്‍ 22നാണ് തേജസ് ദിനപത്രത്തിന്റെ ഏജന്റായ തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ കൊല്ലപ്പെട്ടത്. സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫിലേക്ക് മാറിയതിന്റെ വിരോധത്തെ തുടര്‍ന്നാണ് കൊലചെയ്യപ്പെട്ടത്.