എറണാകുളം: ഫസല്‍വധക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ കൊടി സുനിയെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

സി.പി.ഐ.എം  കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും സി.പി.ഐ.എം തലശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും ഏഴും എട്ടും പ്രതികളാണ്‌. കേസില്‍ ഇനിയും രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുക്കാനുള്ളതായി സി.ബി.ഐ കോടതിയെ അറിയിച്ചു.

Subscribe Us:

കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതായി കേസ് ഡയറി വ്യക്തമാക്കുന്നതായായിരുന്നു കോടതി നിരീക്ഷണം.

രണ്ട് പേരെയും പ്രതികളാക്കി കഴിഞ്ഞ ആഴ്ച പ്രഥമവിവര റിപ്പോര്‍ട്ട് എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ. ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നു.

അതേസമയം ഫസലിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ നിര്‍ണായകരേഖകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായി. പോസ്റ്റ്‌മോര്‍ട്ടം വര്‍ക്ക് ഷീറ്റ്‌ അടങ്ങുന്ന ഫയലാണ് നഷ്ടപ്പെട്ടത്. സി.ബി.ഐ അന്വേഷണത്തിലാണ് രേഖകള്‍ നഷ്ടപ്പെട്ടെന്ന വിവരം പുറത്താകുന്നത്. 2009 മുതല്‍ ഇക്കാര്യം അധികൃതര്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്നും വൃക്തമായിട്ടുണ്ട്.

ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിനെ 2010 ഡിസംബറില്‍ വിവരംഅറിയിച്ചിരുന്നതായി ഫോറന്‍സിക് വിഭാഗം മേധാവി പറയുന്നു.

2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ (35) തലശേരി മാടപ്പീടികയ്ക്ക് സമീപം വെച്ച് വെട്ടേറ്റു മരിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരാണെന്നായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. സി.ബി .ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് കണ്ടെത്തിയത്.

ഫസലിന്റെ ഭാര്യയുടെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. ഫസല്‍ സി.പി.ഐ.എം വിട്ട് എന്‍ഡിഎഫിലേക്ക് മാറിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സി.പി.ഐ.എം  തലശേരി ഏരിയാ സെക്രട്ടറിയായിരുന്നു കാരായി രാജന്‍, സി.പി.ഐ.എം തലശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കാരായി രാജനെ കേസിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.