ന്യൂദല്‍ഹി: ഫസല്‍ വധക്കേസില്‍ കാരായിരാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ജാമ്യാപേക്ഷസംബന്ധിച്ച് സുപ്രിം കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. കണ്ണൂരിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനാകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Ads By Google

ഈ കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രം കാരായിമാരാണെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചിരുന്നു. ഫസലിന്റെ ഭാര്യയുടെ ഹരജിയെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

അതുവരെ ആര്‍.എസ്.എസുകാരാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആരോപണമുണ്ടായിരുന്നത് . എന്നാല്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചതോടെയാണ് സി.പി.ഐ.എം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫിലേക്ക് മാറിയതാണ് കൊലപതാകത്തിനിടയാക്കിയതെന്നും സി.ബി.ഐ വെളിപ്പെടുത്തിയിരുന്നു സി.പി.ഐഎം തലശേരി ഏരിയാസെക്രട്ടറിയായിരുന്നു കാരായി രാജന്‍, സിപിഐഎം തലശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍.

ജാമ്യം സംബന്ധിച്ച് ഒരു മാസത്തിനുളളില്‍ മറുപടി നല്‍കണമെന്നും രണ്ട് ആഴ്ചക്കുള്ളില്‍ കേസ് പരിഗണിക്കണമെന്നും പ്രതികളുടെ വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ഇത് രാഷ്ട്രീയകൊലപാതകവുമായി ബന്ധപ്പെട്ട കേസാണെന്ന് കോടതി ചൂണ്ടിക്കാട്ടി.