Categories

ഫസല്‍ വധക്കേസില്‍ കാരായിമാര്‍ക്ക് ജാമ്യം

kerala-high-court

എറണാകുളം: ഫസല്‍ വധക്കേസില്‍ സി.പി.ഐ.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

16 മാസത്തിന് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 2 ആള്‍ജാമ്യവും 50000 രൂപ ജാമ്യത്തുകയും ഹാജരാക്കണം. ജാമ്യക്കാരില്‍ ഒരാള്‍ അടുത്ത ബന്ധുവായിരിക്കണം.

ഇരുവരും എറണാകുളം ജില്ല വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സി.പി.ഐ.എം തലശേരി ഏരിയാ സെക്രട്ടറിയായിരുന്നു കാരായി രാജന്‍, സി.പി.ഐ.എം തലശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍.

നേരത്തെയും ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കേസിലെ ഏഴും എട്ടും പ്രതികളായ ഇരുവരും ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

2006 ഒക്‌ടോബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം. തേജസ് ദിനപത്രത്തിന്റെ ഏജന്റായ മുഹമ്മദ് ഫസല്‍ പുലര്‍ച്ചെ പത്രവിതരണത്തിന് പോകവെയാണ് കൊല്ലപ്പെട്ടത്.

നേരത്തെ സി.പി.ഐ.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടിയുമായി തെറ്റി എന്‍.ഡി.എഫില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് കൊലയ്ക്ക് കാരണമായത്.

ടി.പി. വധക്കേസില്‍ അറസ്റ്റിലായ കൊടിസുനിയാണ് ഫസല്‍ വധക്കേസിലെ ഒന്നാം പ്രതി. ഫസലിനെ കൊല്ലാന്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും കൊടി സുനിക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്.

ഫസലിന്റെ ഭാര്യയുടെ ഹരജിയെ തുടര്‍ന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. ഈ കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രം കാരായിമാരാണെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചിരുന്നു.

അതുവരെ ആര്‍.എസ്.എസുകാരാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആരോപണമുണ്ടായിരുന്നത് . എന്നാല്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചതോടെയാണ് സി.പി.ഐ.എം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

Tagged with: