എഡിറ്റര്‍
എഡിറ്റര്‍
ഫസല്‍ വധം: സി.പി.എം. നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ അനുമതി
എഡിറ്റര്‍
Saturday 12th May 2012 12:47pm

കൊച്ചി: കണ്ണൂരിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമുള്‍പ്പടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്യാന്‍ തടസ്സമില്ലെന്ന് ഹൈക്കോടതി സി.ബി.ഐക്ക് അനുമതി നല്‍കി. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖരന്‍ എന്നിവരെയാണ് അറസറ്റ് ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ജസ്റ്റിസ് പി.എസ്. ഗോപിനാഥാണ് അറസ്റ്റിനുള്ള അനുമതി നല്‍കിയത്.

ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസിന് യാതൊരു ബന്ധവുമില്ലെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചു. നേരത്തെ സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടിയുമായി തെറ്റി പിരിഞ്ഞ് എന്‍.ഡി.എഫില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് കൊലയ്ക്ക് കാരണമായതെന്നും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. കേസ് സി.ബി.ഐ ഏറ്റെടുത്തതോടെയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷയില്‍ സി.ബി.ഐ. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് കോടതി സ്‌റ്റേ ചെയ്തിരുന്നു. കൊലപാതകത്തില്‍ കാരായി രാജനും ചന്ദ്രശേഖരനുമുള്ള പങ്ക് വ്യക്തമാണെന്നും ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിടണമെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ. സത്യവാങ്മൂലം സമര്‍പ്പിച്ചത്.

2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ  പത്രവിതരണത്തിന് പോകവേയാണ്‌ മുഹമ്മദ് ഫസലിനെ ഒരു സംഘം ആള്‍ക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധ കേസില്‍ പോലീസ് തിരയുന്ന കൊടി സുനിയടക്കം ആറു പേരാണ് ഇതുവരെ ഈ കേസില്‍ അറസ്റ്റിലായത്.

 

Malayalam News

Kerala News in English

Advertisement