കോയമ്പത്തൂര്‍: നല്ല വിളവ് ലഭിച്ചതും, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായതും തക്കാളിയുടെ വില നന്നേകുറയാന്‍ കാരണമായി. കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ ഏറ്റവും കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന പച്ചക്കറിയാണ് തക്കാളി.

കഴിഞ്ഞാഴ്ച വരെ കിലോയ്ക്ക് 17 രൂപയ്ക്ക് വിറ്റുകൊണ്ടിരുന്ന തക്കാളിയുടെ വില കുറഞ്ഞത് മൂന്ന് ദിവസം കൊണ്ടാണ്. തക്കാളിയുടെ ഇപ്പോഴത്തെ റീടെയില്‍ വില കിലോയ്ക്ക് 4രൂപവരെയായി താഴ്ന്നിട്ടുണ്ട്. ഏറ്റവും മികച്ച ഇനം തക്കാളി വില്‍ക്കുന്നത് കിലോയ്ക്ക് 5-7രൂപ എന്നനിലയിലാണ്.

Subscribe Us:

മൈസൂരില്‍ നിന്നുമുള്ള ഹൈബ്രിഡ് തക്കാളിയുടെ വരവോടെ കേരളവിപണിയില്‍ തക്കാളിക്ക് ഡിമാന്റ് കുറഞ്ഞിട്ടുണ്ട്. ഇത് തമിഴ്‌നാട്ടിലെ കര്‍ഷകരെ വിലകുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു.

ഉപഭോക്താക്കള്‍ക്ക് ഇത് സന്തോഷ വാര്‍ത്തയാണെങ്കിലും കര്‍ഷകരെല്ലാം കടുത്ത ആശങ്കയിലാണ്. കോയമ്പത്തൂരിലെയും തിരൂരിലെയും മാര്‍ക്കറ്റുകളില്‍ 50രൂപയ്ക്ക് വിറ്റിരുന്ന 15കിലോ ബോക്‌സ് തക്കാളിക്ക് ഇപ്പോള്‍ 20രൂപയാണ് വില. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് തക്കാളി കര്‍ഷകര്‍ ഈ പ്രതിസന്ധി നേരിടുന്നത്. ഇതേ അവസ്ഥ മാര്‍ച്ചിലും തക്കാളിവിപണി നേരിട്ടിരുന്നു.

ഓണം വരെ വിപണി ഇതേ നിലയില്‍ തുടരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ സമയത്ത് മാത്രമേ കേരളത്തിലെ ഡിമാന്റ വര്‍ധിക്കുകയുള്ളൂ.

വില കുറയാന്‍ തുടങ്ങിയതോടെ പലകര്‍ഷകരും കന്നുകാലികള്‍ക്ക് നല്‍കുന്നത് തക്കാളിയാണ്. പഴുത്ത തക്കാളി പറിക്കാനുള്ള കൂലി നല്‍കാനില്ലാത്തതിനാല്‍ പലയിടങ്ങളിലും തക്കാളികള്‍ കെട്ടുപോകുന്ന സ്ഥിതിവിശേഷവുമുണ്ട്.