ന്യുദല്‍ഹി: കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അനര്‍ഹമായി ആനൂകൂല്യങ്ങള്‍ കൈപ്പറ്റിയവരില്‍ നിന്നും അത് തിരിച്ചുപിടിക്കും.

Ads By Google

സി.എ.ജി റിപ്പോര്‍ട്ട് പരിശോധിക്കേണ്ടത് പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റിയാണ്. പദ്ധതിയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ കേസെടുക്കും.

പി.എ.സി പരിശോധിച്ച് ക്രമക്കേട് കണ്ടെത്തിയാല്‍ തുടര്‍ നടപടിയുണ്ടാകുമെന്നും മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ അറിയിച്ചു.

അതേസമയം, കാര്‍ഷിക വായ്പയില്‍ ഇളവ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് കേന്ദ്രകൃഷിമന്ത്രി ശരദ് പവാര്‍ അറിയിച്ചു. പദ്ധതിയെകുറിച്ച് സി.എ.ജി നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പരശോധിക്കണമെന്നും പവാര്‍ പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാര്‍ 2008ല്‍ നടപ്പാക്കിയ കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും വന്‍ തട്ടിപ്പ് നടന്നതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട്.

അര്‍ഹരായ കര്‍ഷകരെ ഒഴിവാക്കിയെന്നും അനര്‍ഹര്‍ക്ക് വായ്പ ലഭിച്ചെന്നും കണ്ടെത്തിയ സി.എ.ജി, അന്യായമായി പണം ഈടാക്കിയും രേഖകള്‍ തിരുത്തിയും ബാങ്കുകള്‍ നടത്തിയ ക്രമക്കേടുകളിലേക്കും വിരല്‍ചൂണ്ടുന്നു. റിപ്പോര്‍ട്ട് ഇന്നലെയായിരുന്നു പാര്‍ലമെന്റില്‍ വെച്ചത്.

കേരളത്തില്‍ രണ്ട് ജില്ലകളിലെ കണക്കുകളാണ് സി.എ.ജി പരിശോധിച്ചത്. ജില്ലകളുടെ പേര് റിപ്പോര്‍ട്ടിലില്ല. ഒന്ന് വയനാടും മറ്റൊന്ന് പാലക്കാടോ ഇടുക്കിയോ ആണെന്ന് സി.എ.ജി വൃത്തങ്ങള്‍ പറഞ്ഞു.

രണ്ടു ജില്ലകളിലെ 18 ബാങ്ക് ശാഖകളില്‍നിന്നായി 2591 അക്കൗണ്ടുകളാണ് പരിശോധിച്ചത്. അതില്‍ 425 അക്കൗണ്ടുകളില്‍ അര്‍ഹരായവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചില്ല.

1997 ഏപ്രില്‍ മുതല്‍ 2007 മാര്‍ച്ച് 31 വരെ നല്‍കിയ കാര്‍ഷിക വായ്പകളും 2007 ഡിസംബര്‍ 31 വരെയുള്ള കുടിശികയും 2008 ഫെബ്രുവരി 29 വരെ ബാക്കി അടച്ചുതീര്‍ക്കാനുള്ള തുകയുമാണ് പദ്ധതിയുടെ പരിധിയില്‍ പെടുത്തിയത്.

ചെറുകിട, നാമമാത്ര കര്‍ഷകരുടെ വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളുക, മറ്റ് കര്‍ഷകര്‍ക്ക് തുകയുടെ 25% ഇളവുചെയ്‌യുക എന്നതായിരുന്നു കഴിഞ്ഞ നാലുവര്‍ഷത്തില്‍ 52,000 കോടി രൂപ ചെലവായ പദ്ധതി.  സംസ്ഥാനത്ത് 58 പേര്‍ക്ക് ഭാഗിക കടാശ്വാസം നല്‍കുന്നതിന് പകരം, വായ്പ പൂര്‍ണമായി എഴുതിത്തള്ളി. അതിന് ചെലവായത് 1.17 കോടി രൂപയാണെന്നും പറയുന്നു.

കാര്‍ഷിക വായ്പയില്‍ പെടാത്ത ബാധ്യതകള്‍ക്ക് 48 അക്കൗണ്ടുകളില്‍ പദ്ധതിയുടെ ആനുകൂല്യം അനുവദിച്ചതിലൂടെ നഷ്ടമാക്കിയത് 18.15 ലക്ഷം രൂപ. മൊത്തം 2591 അക്കൗണ്ടുകള്‍ പരിശോധനാ വിധയേമാക്കിയതില്‍ 201ലും അധിക ആനുകൂല്യം അനുവദിച്ചെന്നാണ് കണ്ടെത്തല്‍.

ആ കണക്കില്‍ പെടുന്നത് 90 ലക്ഷം രൂപ. പദ്ധതിയില്‍ പ്രവര്‍ത്തിച്ചതില്‍ 37 ദേശസാല്‍ക്കൃത, സ്വകാര്യ ബാങ്കുകളുടെ കണക്കുകള്‍ സി.എ.ജി വിലയിരുത്തി. സംസ്ഥാനത്ത് ആസ്ഥാനമുള്ള ഫെഡറല്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവയുള്‍പ്പെടെ 36 ബാങ്കുകളുടെ ഭാഗത്ത് പിഴവുണ്ടെന്ന് കണ്ടെത്തി.