ജയ്പൂര്‍: സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് ഭൂമിയേറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ ഭൂമിയില്‍ കുഴിവെട്ടി കഴുത്തറ്റം മണ്ണിലിറങ്ങി മണിക്കൂറുകള്‍ നിന്ന് കര്‍ഷകരുടെ പ്രതിഷേധം. രാജസ്ഥാനിലെ ജയ്പൂരിനടുത്ത നിന്ദാര്‍ ഗ്രാമത്തിലാണ് കര്‍ഷകര്‍ മൂന്നു ദിവസമായി ഇത്തരത്തില്‍ സമരം ചെയ്യുന്നത്.

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹൗസിംഗ് കോളനി നിര്‍മ്മിക്കാനുള്ള പദ്ധതിക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ തുടങ്ങിയത്. എന്നാല്‍ ഇതിനായി തുച്ഛമായ വില നല്‍കി ബലംപ്രയോഗിച്ച് സ്ഥലം ഏറ്റെടുക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം.


Also Read: ‘കഴിയില്ലെങ്കില്‍ മാറി നില്‍ക്കൂ’; രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുന്നില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഞങ്ങള്‍ ശരിയാക്കിത്തരാമെന്ന് മോദിയോട് രാഹുല്‍


50 കര്‍ഷകരാണ് ഇത്തരത്തില്‍ ദിവസവും കുഴി വെട്ടി അതിലിറങ്ങി സമീന്‍ സത്യാഗ്രഹം  നടത്തുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിനാണ് കുഴി കുഴിച്ച് കഴുത്തറ്റം വരെ മണ്ണിലിറങ്ങി കര്‍ഷകര്‍ സമരം തുടങ്ങിയത്. 333 ഹെക്ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. എന്നാല്‍ ഇതിനായി 60 കോടി രൂപയാണ് സര്‍ക്കാര്‍ കെട്ടിവെച്ചത്.

2010 ലാണ് പദ്ധതി രൂപകല്‍പ്പനചെയ്തത്. എന്നാല്‍ ഏഴുവര്‍ഷത്തിനിടെ ഭൂമിവില ഇരട്ടിയിലധികമായി ഉയര്‍ന്നിട്ടും ഇത് സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. നേരത്തെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.


Also Read: ഈ ഹര്‍ത്താലില്‍ കേരളം ലോകത്തിനു മാതൃകയാകും, ഒരു നാട് എങ്ങിനെയാകരുതെന്നതില്‍; യു.ഡി.എഫ് ഹര്‍ത്താല്‍ അണ്ടര്‍ 17 ലോകകപ്പിനെയും ബാധിക്കും


ജയ്പൂര്‍ വികസന അതോറിറ്റിയാണ് പദ്ധതി സംബന്ധിച്ച സര്‍വേ നടത്തിയത്. എന്നാല്‍ സര്‍വേയില്‍ പിശകുണ്ടെന്നാണ് കര്‍ഷകരുടെ പക്ഷം. മാത്രമല്ല ജയ്പൂര്‍ വികസന അതോറിറ്റി ബലപ്രയോഗത്തിലൂടെ സ്ഥലം ഏറ്റെടുക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു. 15,000 ത്തോളം ആളുകളെ ഭൂരഹിതരാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.