അഹമ്മദാബാദ്: വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നല്‍കുന്നതിനെതിരെ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് പൊലീസിന്റെ ലാത്തി ചാര്‍ജ്. നര്‍മ്മദാ ഡാം കനാലിലെ ജലം കൃഷിയാവശ്യങ്ങള്‍ക്ക് നല്‍കാതെ പകരം ടാറ്റാ നാനോ പ്ലാന്റ് ഉള്‍പ്പടെയുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.


Also Read: ഇനിയങ്കം മൈതാനത്ത്; ബി.സി.സി.ഐക്കെതിരെ തുറന്ന വെല്ലുവിളിയുമായി ശ്രീശാന്ത് ക്രിക്കറ്റ് പിച്ചിലേക്ക്


പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗവും നടത്തി. എന്നാല്‍ പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നുവെന്നും അതേതുടര്‍ന്നാണ് ലാത്തി വീശിയതെന്നുമാണ് പൊലീസ് പറയുന്നത്. കല്ലേറില്‍ ഏഴ് പൊലീസുകാര്‍ക്ക് പരുക്കേറ്റതായും പൊലീസ് പറയുന്നു.

അഹമ്മദാബാദിലെ സാനന്തിലാണ് സംഭവം അരങ്ങേറിയത്. മുഖ്യമന്ത്രി വിജയ് രൂപാണിയെ നേരില്‍ കണ്ട് പരാതി നല്‍കുക എന്ന ലക്ഷ്യത്തെടെയായിരുന്നു വിരാമഗം, ബാവ്‌ല, സാനന്ത് താലൂക്കുകളിലെ 38 ഗ്രാമങ്ങളിലെ കര്‍ഷകര്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഏകദേശം 5000 ത്തോളം കര്‍ഷകര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. നര്‍മ്മദ കനാലിന് സമീപത്തുള്ള കര്‍ഷകരുടെ വയലുകളിലേക്ക് വെള്ളമെത്തിക്കാതെ വ്യവസായ ഭീമന്മാര്‍ക്ക് യഥേഷ്ടം വെളളമെടുക്കാന്‍ അനുവദിക്കുകയാണെന്നായിരുന്നു കര്‍ഷകരുടെ പരാതി.

എന്നാല്‍, അനുമതിയില്ലാതെയായിരുന്നു കര്‍ഷകര്‍ റാലി നടത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. പൊലീസിന്റെ വാണിംഗ് കണക്കിലെടുക്കാതെ കര്‍ഷകര്‍ മുന്നോട്ട് വരികയായിരുന്നുവെന്നും കര്‍ഷകരുടെ ഭാഗത്തു നിന്നും കല്ലേറുണ്ടായതായും അഹമ്മദാബാദ് റൂറല്‍ എസ്.പി ആര്‍.വി അസാരി പറഞ്ഞു.

പ്രതിഷേധങ്ങളെ നേരിടാന്‍ ബി.ജെ.പി തയ്യാറല്ലെന്നും നീതി ലഭ്യമാക്കുന്നതിന് പകരം കര്‍ഷകര്‍ക്ക് നേരെ ലാത്തി വീശാനാണ് ഉത്തരവിട്ടതെന്നും പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വെഘേഘ പറഞ്ഞു.