കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പൊതുവേദിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ചോദ്യം ചെയ്ത കര്‍ഷകന്‍ അറസ്റ്റില്‍. കര്‍ഷകര്‍ക്കുവേണ്ടി മമത സര്‍ക്കാര്‍ എന്ത് സഹായമാണ് ചെയ്തതെന്ന ചോദ്യമാണ് മമതയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി പങ്കെടുത്ത യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പോലീസ് അറസ്റ്റ്.

Ads By Google

വെസ്റ്റ് ബംഗാളിലെ വെസ്റ്റ്മിഡ്‌നാപുര്‍ ജില്ലയിലെ ബെല്‍പാഹരിയില്‍ ബുധനാഴ്ച നടന്ന പൊതുസമ്മേളനത്തിലായിരുന്നു സംഭവം. തന്റെ പ്രസംഗം അവസാനിപ്പിച്ച മമത പതിവുപോലെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാമെന്ന് പറഞ്ഞപ്പോള്‍ കര്‍ഷകനായ ശിലാദിത്യ ചൗധരി ചോദ്യം ചോദിക്കുകയായിരുന്നു. ‘കഷകര്‍ക്കുവേണ്ടി നിങ്ങളെന്താണ് ചെയ്യുന്നത്? കടുത്ത ദാരിദ്ര്യംമൂലം കര്‍ഷകര്‍ മരിക്കുകയാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം പോരാ…’ എന്നായിരുന്നു ശിലാദിത്യ പറഞ്ഞത്.

ചോദ്യത്തില്‍ പ്രകോപിതയായ മമത ഇയാള്‍ മാവോവാദിയാണെന്നായിരുന്നു പ്രതികരിച്ചത്. കര്‍ഷകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. മമതയുടെ ആജ്ഞ അനുസരിച്ച പോലീസ് ചൗധരിയെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്ത് വിട്ടയച്ചു. എന്നാല്‍ വെള്ളിയാഴ്ച വീണ്ടും അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി ചൗധരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഈ വര്‍ഷമാദ്യം ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യത്തില്‍ പ്രകോപിതയായും മമത ഇറങ്ങിപ്പോയിരുന്നു. അപ്പോഴും വിദ്യാര്‍ഥിനി മാവോവാദിയാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു ഇറങ്ങിപ്പോക്ക്. പിന്നാലെ ഈ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ പോലീസ് പരിശോധന നടന്നത് വിവാദമായിരുന്നു.