ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയില്‍ അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തിന് പിന്നാലെ ആരോപണത്തില്‍ പരാമര്‍ശിക്കുന്ന കര്‍ഷകന്‍ ഗജന്‍ ഗഡ്ഗയെ കാണാതായി. ബുധനാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തെ കാണാനില്ലെന്ന് ഗഡ്‌ഗെയുടെ ഭാര്യ  പറയുന്നു.

Ads By Google

കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ നൂറ് ഏക്കറോളം ഭൂമി ഗഡ്കരി ഭീഷണിപ്പെടുത്തി സ്വന്തമാക്കിയെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. ഇത്തരത്തില്‍ ഭൂമി നഷ്ടപ്പെട്ട രണ്ട് കര്‍ഷകരുടെ രേഖകള്‍ കെജ്‌രിവാള്‍ പത്രസമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു. ഇതിലൊരാളാണ് ഗാഡ്‌കെ.

നാഗ്പൂര്‍ ജില്ലയിലെ ഉംറെഡ് താലൂക്കില്‍ ജലസേചന പദ്ധതിക്ക് വേണ്ടി അണക്കെട്ട് നിര്‍മിക്കുന്നതിന് വേണ്ടി കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുത്തിരുന്നു. അണക്കെട്ട് നിര്‍മിച്ചതിന് ശേഷം ശേഷിക്കുന്ന ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാതെ അത് ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

അന്ന് ജലസേചന മന്ത്രിയായിരുന്ന അജിത് പവാറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. ബാക്കി വന്ന ഭൂമിക്ക് വേണ്ടി 2002 ല്‍ കര്‍ഷര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരാകരിക്കപ്പെട്ടു. ഇതിന് ശേഷം 2005 ജൂണില്‍ അപേക്ഷ നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഗഡ്കരിക്ക് ഈ ഭൂമി പതിച്ചുനല്‍കിയതെന്നുമാണ് കെജ് രിവാളിന്റെ ആരോപണം.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഗഡ്കരി പ്രതികരിച്ചു.