ദകര്‍: ആഫ്രിക്കയില്‍ വീണ്ടും ഫുട്‌ബോള്‍ മത്സരത്തിനിടെ കലാപം. ഫുട്‌ബോളിലെ ആഫ്രിക്കന്‍ ശക്തികളായ സെനഗലും ഐവറികോസ്റ്റും തമ്മിലുള്ള മത്സരമാണ് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചത്.

സെനഗല്‍ തലസ്ഥാനമായ ദകറിലാണ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഐവറികോസ്റ്റിനോട് എതിരില്ലാത്ത രണ്ട് ഗോളിന് സെനഗല്‍ പരാജയപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് ആതിഥേയരുടെ ആരാധകര്‍ കൈയ്യാങ്കളിയ്ക്ക് മുതിര്‍ന്നത്.

Ads By Google

മത്സരം അവസാനിക്കാന്‍ 15 മിനിറ്റ് ശേഷിക്കേ പെനാല്‍റ്റി കിക്കിലൂടെ ഐവറികോസ്റ്റിന്റെ ദിദിയന്‍ ദ്രോഗ്‌ബെ രണ്ടാം ഗോള്‍ നേടിയതോടെയാണ് സെനഗലിന്റെ ആരാധകര്‍ അക്രമത്തിന് തുനിഞ്ഞത്.

വാക്കേറ്റത്തില്‍ തുടങ്ങിയ പ്രശ്‌നം കയ്യാങ്കളിലേക്കും പിന്നീടത് നിരവധി ആരാധകര്‍ ഏറ്റുപിടിക്കാന്‍ തുടങ്ങിയതും സംഭവത്തെ വഷളാക്കി. ഐവറികോസ്റ്റിന്റെ ആരാധകര്‍ക്ക് നേരെ പടക്കവും കല്ലുമെറിഞ്ഞ സെനഗല്‍ ആരാധകര്‍ ഫുട്‌ബോള്‍ സ്റ്റേഡിയം യഥാര്‍ഥത്തില്‍ യുദ്ധക്കളമാക്കി.

ഇത്തേത്തുടര്‍ന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്ന ഐവറി ആരാധകര്‍ ഓടിരക്ഷപെട്ടു. ഇതേത്തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി.

സംഭവത്തില്‍ സെനഗല്‍ കായികമന്ത്രി ഹദ്ജി മാലിക് ഗകാവു ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.