Categories

പലിശക്കാരുടെ പീഡനത്തില്‍ നിന്നും സംരക്ഷണം നല്‍കിയില്ല; തിരുനെല്‍വേലി കലക്ടറേറ്റിന് മുന്നില്‍ നാലംഗ കുടുംബം തീകൊളുത്തി


തിരുനെല്‍വേലി: പലിശക്കാരുടെ പീഡനം സഹിക്കവയ്യാതെ തിരുനെല്‍വേലി കലക്ടറേറ്റിന് മുന്നില്‍ നാലംഗ കുടുംബം തീ കൊളുത്തി. കാസിധര്‍മം സ്വദേശികളായ ഇസക്കിമുത്തു ഭാര്യ സുബ്ബുലക്ഷ്മി ഇവരുടെ അഞ്ചും ഒന്നരയും വയസുള്ള മക്കളാണ് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്.

സുബ്ബുലക്ഷ്മിയും മൂത്തമകളും മരണപ്പെട്ടതായും മറ്റു രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. രാവിലെ 11 മണിയോടയാണ് സംഭവം. തീ കൊളുത്തിയ ഇവരെ രക്ഷപ്പെടുത്താന്‍ തുടക്കത്തില്‍ സമീപത്തുള്ളവര്‍ തയ്യാറായിരുന്നില്ല.


പലിശക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കുന്നതില്‍ ജില്ലാഭരണകൂടവും പൊലീസും വീഴ്ചവരുത്തുകയായിരുന്നു.

ഇസക്കിമുത്തു പലിശക്കാരായ മുത്തുലക്ഷ്മി, ഗണപതിരാജ് എന്നിവരില്‍ നിന്നും 1,40,000 രൂപയാണ് വായ്പ വാങ്ങിയിരുന്നത്. പ്രതിമാസം 10 ശതമാനം പലിശയ്ക്കായിരുന്നു വായ്പ. എന്നാല്‍ 2,43,000 രൂപ കുടുംബം തിരിച്ചടച്ചിരുന്നെങ്കിലും തുടര്‍ച്ചയായി വേട്ടയാടപ്പെടുകയായിരുന്നു.

പീഡനം സഹിക്കവയ്യാതെ കുടുംബം കളക്ടറേറ്റില്‍ രണ്ടുതവണപരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

Tagged with: |