ന്യൂദല്‍ഹി: രൂപയുടെ മൂല്യത്തിലുള്ള ഇടിവ്  തുടരുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വെറുതെ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ രൂപയുടെ മൂല്യത്തകര്‍ച്ചയുള്‍പ്പെടെ ചിലകാര്യങ്ങള്‍ കൂടുതല്‍ ആശങ്കാജനകമാണെന്ന് എനിക്കറിയാം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നു.’ പ്രണബ് മുഖര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

യൂറോ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. ബ്രസീല്‍ ഉള്‍പ്പെടെയുള്ള വളര്‍ന്നു വരുന്ന വിപണികളിലും കറന്‍സിയുടെ വില ഇടിയുന്നുണ്ടെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു.

‘ കൊറിയ പോലുള്ള രാജ്യങ്ങളിലും കറന്‍സിയുടെ മൂല്യം ഇടിയുന്ന പ്രവണത ദൃശ്യമാണ്. ബ്രസീലിലും മെക്‌സികോയിലും കറന്‍സിയുടെ മൂല്യം ഇടിയുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്’ അദ്ദേഹം പറഞ്ഞു.

വിദേശ നാണ്യവിപണിയില്‍ കഴിഞ്ഞ ഏതാനും ദിവസമായി ഡോളറിനെതിരെ രൂപയുടെ വിലത്തകര്‍ച്ച തുടരുകയാണ്. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 54.91ലെത്തിയിരുന്നു.