അല്‍വാര്‍: ലൈംഗിക പീഡനക്കേസില്‍ ആള്‍ദൈവം കുശലേന്ദ്ര പ്രപന്നാചാര്യ ഫലഹാരി മഹാരാജ് എന്ന ഫലഹാരി ബാബ അറസ്റ്റില്‍. നിയമവിദ്യാര്‍ഥിനിയെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 70കാരനായ ഫലഹാരി ബാബ അറസ്റ്റിലായത്.

രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഇയാളെ പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇയാളുടെ ബി.പിയും ഷുഗറും നോര്‍മലാണെന്ന് അല്‍വാര്‍ പൊലീസ് സൂപ്രണ്ട് പരസ് ജെയിന്‍ പറഞ്ഞു.


Also Read: ‘തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടേ’; വിമര്‍ശനവുമായി വി.എസ്


നിയമ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി ഇന്റേണ്‍ഷിപ്പായി ലഭിച്ച തുക മാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഫലഹാരി ബാബയ്ക്ക് കൊടുക്കാന്‍ പോയപ്പോഴാണ് പീഡിപ്പിക്കപ്പെടുന്നത്. ആഗസ്റ്റ് ഏഴിനായിരുന്നു സംഭവം.

പെണ്‍കുട്ടി ആശ്രമത്തിലെത്തിയപ്പോള്‍ ഗ്രഹണ സമയമാണെന്നും ഇപ്പോള്‍ ബാബയെ കാണാന്‍ പറ്റില്ലെന്നും അറിയിച്ചു. തുടര്‍ന്ന ആശ്രമത്തില്‍ താമസിച്ച പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം ആരോടും പറയരുതെന്ന് പെണ്‍കുട്ടിയെ ബാബ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് പീഡനക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ ലഭിച്ചത് അറിഞ്ഞതോടെയാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്.