എഡിറ്റര്‍
എഡിറ്റര്‍
2000രൂപയുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു; കണ്ടെടുത്തത് പുതിയ നോട്ടിന്റെ ഒട്ടുമിക്ക സുരക്ഷാ ഫീച്ചറുകളുമുള്ള വ്യാജനോട്ടുകള്‍
എഡിറ്റര്‍
Monday 13th February 2017 10:42am

2000fake

ന്യൂദല്‍ഹി: കള്ളനോട്ടും കള്ളപ്പണവും തീവ്രവാദവും തടയാനെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ 2000 രൂപയുടെ വ്യാജ കറന്‍സി നിര്‍വ്യാജം ഇന്ത്യയില്‍ ഒഴുകുന്നതായി റിപ്പോര്‍ട്ട്.

തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തിലുള്ള വ്യാജന്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പാക്കിസ്ഥാനില്‍ അച്ചടിച്ച പുതിയ 2000 രൂപ നോട്ടിന്റെ വ്യാജനുമായി അസീസുര്‍ അഹ്മദ് എന്നയാളെയാണ് കഴിഞ്ഞ ദിവസംഎന്‍.ഐ.എയും ബി.എസ്.എഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ബംഗ്ലാദേശ് അതിര്‍ത്തി വഴി വ്യാജനോട്ടുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനിടെ മുര്‍ഷിദാബാദില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാനില്‍ പ്രിന്റ് ചെയ്ത 2000 രൂപയുടെ നോട്ടുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് എന്‍.ഐ.എ പറയുന്നു.


Dont Miss ‘മിസ്റ്റര്‍ പ്രസിഡന്റ് ഈ വംശീയ അധിക്ഷേപം അവസാനിപ്പിക്കൂ’ ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായ ഡെമോക്രാറ്റ് സെനറ്റര്‍ 


ഐ.എസ്.ഐയുടെ സഹായത്തോടെയാണ് വ്യാജ നോട്ടുകള്‍ അച്ചടിച്ചതെന്നും ബംഗ്ലാദേശ് അതിര്‍ത്തി വഴി അത് ഇന്ത്യയില്‍ എത്തിക്കാനായിരുന്നു തങ്ങളുടെ ശ്രമമെന്നും ഇയാള്‍ മൊഴി നല്‍കിയതായി എന്‍.ഐ.എ വ്യക്തമാക്കി.

2000 ന്റെ ഒരു വ്യാജനോട്ടിന് 400 മുതല്‍ 600 രൂപ വരെയാണ് നല്‍കിയതെന്നും അത്രയേറെ നിലവാരമുള്ള വ്യാജ നോട്ടുകളാണ് അച്ചടിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. പിടിച്ചെടുത്ത 2000 രൂപ നോട്ടുകളില്‍ 17 സുരക്ഷാഫീച്ചേഴ്‌സുകളില്‍ 11 ഉും ഉള്‍പ്പെടുത്തിയാണ് വ്യാജന്‍ തയ്യാറാക്കിയിരിക്കുന്നത്.

ട്രാന്‍സ്പരന്റ് ഏരിയയും വാട്ടര്‍മാര്‍ക്കും അശോക സ്തംഭവും എംബ്ലവും ഇടതുവശത്ത് RS 2000 എന്ന എഴുത്തും ഗവര്‍ണറുടെ ഒപ്പ് വരെ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ അച്ചടിച്ചിട്ടുണ്ടെന്ന് വ്യാജനോട്ടുകള്‍ പരിശോധിച്ച വിദഗ്ധര്‍ പറയുന്നു. അതുപോലെ തന്നെ ചന്ദ്രയാനും സ്വച്ഛ് ഭാരത് ലോഗോയും അതുപോലെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം പ്രിന്റും പേപ്പര്‍ക്വാളിറ്റിയും യഥാര്‍ത്ഥനോട്ടിനെ അപേക്ഷിച്ച് മോശമാണ്. അതേസമയം തിരിച്ചറിയാനാവാത്ത വിധത്തിലുള്ള വാട്ടര്‍മാര്‍ക്കാണ് വ്യാജനിലും ഉള്ളതെന്ന് ഇവര്‍ പറയുന്നു. ഒറ്റ നോട്ടത്തില്‍ ഈ വ്യാജനെ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഴിഞ്ഞ മാസം വ്യാജനോട്ടുകള്‍ പുറത്തിറക്കുന്ന സംഘത്തില്‍പ്പെട്ടവര്‍ 2000 ത്തിന്റെയും 500 ന്റേയും നോട്ടുകള്‍ പുറത്തിറക്കിയതായി എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചിരുന്നു. അധികം വൈകാതെ തന്നെ അവര്‍ ഇത് മാര്‍ക്കറ്റുകളില്‍ എത്തിക്കുമെന്ന് അന്വേഷണസംഘത്തില്‍പ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

വ്യാജനോട്ടുകള്‍ വിതരണം ചെയ്ത രണ്ട് പേരെ കഴിഞ്ഞ മാസം മാല്‍ഡയില്‍ വെച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പഴയ 1000 ത്തിന്റേയും 500 ന്റേയും നോട്ടുകളില്‍ ഉണ്ടായിരുന്ന അതേ സുരക്ഷാഫീച്ചേഴ്‌സുകള്‍ മാത്രമാണ് 2000 രൂപ നോട്ടിലും ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും കള്ളനോട്ട് അച്ചടിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യുമെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിരുന്നു. 2005 ലാണ് നോട്ടില്‍ അവസാനമായി സെക്യൂരിറ്റി ഫീച്ചേഴ്‌സുകള്‍ ഉള്‍പ്പെടുത്തിയത്.

പാക്കിസ്ഥാനില്‍ നിന്നും വലിയ തോതിലുള്ള വ്യാജകറന്‍സികള്‍ ഇന്ത്യയില്‍ എത്തുന്നു എന്നും ഇത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്നു എന്നുമായിരുന്നു നോട്ട് നിരോധനത്തിന്റെ ഒരു ന്യായീകരണമായി മോദി പറഞ്ഞത്. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചറിയാന്‍ പോലുമാകാത്ത വിധത്തിലുള്ള വ്യാജനോട്ടുകള്‍ ഇന്ത്യയില്‍ എത്തുന്നത് വലിയ വെല്ലുവിളിയാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Advertisement