എഡിറ്റര്‍
എഡിറ്റര്‍
വിമുക്ത ഭടന്റെ തലതലപൊളിച്ച് പൊലീസ് ; അര്‍ണബിന്റെ റിപ്ലബ്ലിക് ടിവി ഉപദേശകന്‍ പ്രചരിപ്പിച്ച വ്യാജ ചിത്രം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Saturday 17th June 2017 10:51am

ന്യൂദല്‍ഹി: വ്യാജ ഫോട്ടോ ഷോപ്പ് പ്രചരണവുമായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജി ഉപദേശകന്‍ മേജര്‍ ഗൗരവ് ആര്യ.

പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്കെതിരേ പൊലീസ് നടത്തിയ അക്രമത്തില്‍ പരിക്കേറ്റ വിമുക്തഭടന്റെ ചിത്രമെന്ന് പറഞ്ഞുകൊണ്ട് തലപ്പൊട്ടി ചോരയെഴുകുന്ന ഒരു വിമുക്ത ഭടന്റെ ചിത്രമായിരുന്നു മേജര്‍ ഗൗരവ് ആര്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

എന്നാല്‍ ഇതിന് പിന്നാലെ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം തേടിയിറങ്ങിറങ്ങിയവര്‍ ഉറവിടം കണ്ടെത്തി.

ഈ ചിത്രത്തിന് ഇപ്പോള്‍ ഡാര്‍ജിലിംഗില്‍ നടക്കുന്ന ഗൂര്‍ഖലാന്‍ഡ് പ്രക്ഷോഭവുമായി യാതൊരുബന്ധവുമില്ല. എന്നുമാത്രമല്ല ഈ ചിത്രത്തില്‍ തലപ്പൊട്ടി ചോരയൊഴുകുന്ന നിലയില്‍ കാണുന്നത് 6/8 ഗൂര്‍ഖ റൈഫിള്‍സിലെ കമാന്‍ഡറായിരുന്നുന്ന ഡി.കെ റായി ആണ്.

2008 ല്‍ നടന്ന ഖൂര്‍ഖലാന്‍ഡ് പ്രതിഷേധത്തില്‍ പങ്കെടുത്തപ്പോള്‍ ലാത്തിച്ചാര്‍ജില്‍ അദ്ദേഹത്തിന് പരിക്കേറ്റതിന്റെ ചിത്രമാണ് ഇത്. 2017 മാര്‍ച്ച് 29 നു കേണല്‍ റായി അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ ചിത്രം വ്യാജമായി ഉപയോഗിക്കുന്നതും.

മമത ബാനര്‍ജി സര്‍ക്കാരിനെതിരേയുള്ള ആയുധമായാണ് ഈ ചിത്രം മേജര്‍ ആര്യ പ്രചരിപ്പിക്കുന്നത്.

ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ചയ്ക്ക് പിന്തുണകൊടുക്കുന്നവരാണ് ബി.ജെ.പി. ബംഗാളില്‍ കലാപം വര്‍ധിക്കുകയാണെന്നും ഡാര്‍ജിലിംഗില്‍ പ്രത്യേക ഗൂര്‍ഖലാന്‍ഡ് സംസ്ഥാനത്തിനായി വാദിക്കുന്നവര്‍ക്കെതിരേ മമത സര്‍ക്കാര്‍ അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ നടത്തുകയാണെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.

നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലാവുകയും ചെയ്തു. നിരവധി പ്രമുഖരും ഈ ചിത്രം ഷെയര്‍ ചെയ്യുകയും മമത സര്‍ക്കാരിന്റെ ക്രൂരതയ്‌ക്കെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു.

ദല്‍ഹി ഹൈക്കോടതി അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ഈ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് പറയുന്നത് 1962,71 കാലത്ത് നടന്ന ചൈന-ഇന്ത്യ യുദ്ധത്തില്‍ പങ്കെടുത്ത ധീരനായ ഗൂര്‍ഖ സൈനികനെ ലാത്തിചാര്‍ജില്‍ തല്ലിച്ചതച്ചെന്നാണ്.

ബ്രിട്ടീഷ് ജനറല്‍ ഡയര്‍ ചെയ്തതിന്റെ ബാക്കിയാണ് ഇപ്പോള്‍ മമത ചെയ്യുന്നതെന്നാണ് പട്ടേലിന്റെ ആരോപണം. ഇദ്ദേഹം തന്നെയായിരുന്നു മുമ്പ് മൊറോക്കയിലെ ഒരു ഇറച്ചിക്കടയ്ക്കു മുന്നില്‍ വച്ചിരിക്കുന്ന പശുവിന്റെ തല ബംഗാളില്‍ ആണെന്നു പറഞ്ഞു മമതയ്‌ക്കെതിരേ പോസ്റ്റ് ഇട്ടത്.

കൊല്‍ക്കത്തയില്‍ പശുക്കളെ അറക്കുന്നുവെന്നും മമത ബാനര്‍ജി ഈദ് ആഘോഷിച്ചു നടക്കുകയാണെന്നുമായിരുന്നു പട്ടേലിന്റെ വിമര്‍ശനം. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ഫോട്ടോയുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

Advertisement