എഡിറ്റര്‍
എഡിറ്റര്‍
500 ന്റെ രണ്ടുകോടി അടിച്ചിറക്കി, 200 കോടി അടിക്കാന്‍ പദ്ധിതിയിട്ടു; വണ്ടിപ്പെരിയാറില്‍ പിടിയിലായ സംഘത്തിന്റെ രഹസ്യസങ്കേതത്തില്‍ നിന്നും പൊലീസിന് കിട്ടിയത് ഞെട്ടിക്കുന്ന തെളിവുകള്‍
എഡിറ്റര്‍
Friday 23rd June 2017 10:02am

തൊടുപുഴ: വണ്ടിപ്പെരിയാര്‍ കേസില്‍ പിടിയിലായ കള്ളനോട്ട് സംഘം കറന്‍സികള്‍ അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന ചൈനീസ് നിര്‍മ്മിത അത്യാധുനിക പ്രിന്ററും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു. സംഘം 500 ന്റെ രണ്ടുകോടി രൂപയുടെ വ്യാജനോട്ടുകള്‍ അച്ചടിച്ചിറക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു. 200 കോടി രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് പുറത്തിറക്കാനിരിക്കുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു.

വണ്ടിപ്പെരിയാറില്‍ ദമ്പതിമാരില്‍നിന്ന് പുതിയ 500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ പ്രധാന പ്രതികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങള്‍ കണ്ടെത്തിയത്.

സംഘത്തിന്റെ ബംഗളൂരുവിലെയും സെക്കന്തരാബാദിലെയും രഹസ്യസങ്കേതങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പ്രിന്ററുകള്‍, മൂന്ന് ഇസ്തിരിപ്പെട്ടികള്‍, ഒരു സ്‌കാനര്‍, 38 കെട്ട് ജി.എസ്.എം. പേപ്പറുകള്‍, കുറച്ച് വ്യാജ കറന്‍സികള്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്. 42 ലക്ഷം രൂപയുടെ പുതിയ 500ന്റെ വ്യാജ കറന്‍സി കടലാസ് ഇതിലുണ്ട്.


Also Read: ‘കുംബ്ലെയും ഗവാസ്‌കറും വിരാടിനെ ധാര്‍മ്മികത പഠിപ്പിക്കാന്‍ നില്‍ക്കേണ്ട’; പുറത്താക്കപ്പെടും മുമ്പ് ധോണി ടീമിന്റെ പരിശീലസ്ഥാനം ഏറ്റെടുക്കണമെന്ന് എന്‍.എസ് മാധവന്‍


10 പേരെയാണ് ഇതുവരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മേയ് എട്ടിനാണ് 500 രൂപയുടെ 77 കള്ളനോട്ടുകളുമായി നെടുങ്കണ്ടം തുണ്ടിയില്‍ വീട്ടില്‍ ജോജോ ജോസഫും ഭാര്യ അനുപമയും വണ്ടിപ്പെരിയാറില്‍ പിടിയിലാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്കു പിന്നില്‍ വലിയ കള്ളനോട്ട് സംഘമുണ്ടെന്ന് തെളിയുന്നത്.

ഇവരുടെ എറണാകുളത്തെ ഫ്ലാറ്റില്‍നിന്ന് 4.07 ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജോജോയുടെ പേരില്‍ യു.എ.പി.എ. ചുമത്തുകയും കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്‍.ഐ.എ. ഉള്‍പ്പടെയുള്ള ഏജന്‍സികളും അന്വേഷണത്തില്‍ ഭാഗമായി. മേയ് 21ന് ഇവരുടെ കൂട്ടുപ്രതികളായ തമിഴ്നാട് സ്വദേശികലായ അയ്യരുദാസ്, ഷണ്‍മുഖസുന്ദരം എന്നിവര്‍ അറസ്റ്റിലായിരുന്നു.

Advertisement