തിരുവനന്തപുരം: പൃഥ്വിരാജിനെ അപകീര്‍ത്തിപ്പെടുത്തുംവിധം ഇന്റര്‍നെറ്റില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാള്‍ പിടിയിലായി. നേമം സ്വദേശി എസ്.ഷിബുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

‘സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു’ എന്ന തലക്കെട്ടില്‍ ഷിബുവിന്റെ ഫേസ്ബുക്ക്, ഓര്‍ക്കുട്ട് അക്കൗണ്ടുകളിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. പ്രമുഖ ദിനപ്പത്രമായ മാതൃഭൂമിയുടെ ഒന്നാം പേജില്‍ അച്ചടിച്ച രീതിയിലായിരുന്നു വാര്‍ത്ത. പൃഥ്വിയുടെ മരണത്തില്‍ കേരളമൊട്ടാകെ ആഹ്ലാദപ്രകടനങ്ങള്‍, ഒബാമ നടുക്കം രേഖപ്പെടുത്തി തുടങ്ങി പ്രത്യേകം കോളങ്ങളുമുണ്ടായിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പൃഥ്വിയുടെ അമ്മ മല്ലികാസുകുമാരന്‍ പത്രത്തിന്റെ ഇലക്ട്രോണിക്‌സ് മീഡിയാവിഭാഗത്തെ വിവരമറിയിക്കുകയും തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയെത്തുടര്‍ന്നാണ് ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇയാള്‍ തന്നെയാണോ വാര്‍ത്തയ്ക്ക് പിന്നില്‍ എന്ന് ഇനിയും വ്യക്തമായിട്ടില്ല.