എഡിറ്റര്‍
എഡിറ്റര്‍
‘കേരളം ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനം’: ബി.ബി.സിയുടെ പേരിലുള്ള വ്യാജന്‍ നടത്തുന്ന പ്രചരണം തുറന്നുകാട്ടി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Tuesday 30th May 2017 11:41am

കോഴിക്കോട്: കേരളത്തെ ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനമായി അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രചരണം തുറന്നുകാട്ടി സോഷ്യല്‍ മീഡിയ. സംഘപരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനമായി കേരളത്തെ ചിത്രീകരിക്കാന്‍ ബി.ബി.സിയുടെ പേരിലുള്ള ബി.ബി.സി ന്യൂസ് പോയിന്റ് എന്ന വ്യാജപോര്‍ട്ടല്‍ നടത്തിയ ശ്രമമാണ് സോഷ്യല്‍ മീഡിയ തുറന്നുകാട്ടുന്നത്.

ഡോക്ടറും എഴുത്തുകാരനുമായ നെല്‍സണ്‍ ജോസഫാണ് അന്താരാഷ്ട്ര തലത്തില്‍ കേരളത്തിനെതിരെ നടക്കുന്ന ഈ കുപ്രചരണം ഫേസ്ബുക്കിലൂടെ മറുപടി നല്‍കുന്നത്.

‘2017ലെ ഇന്ത്യയിലെ ഏറ്റവും അപകടകരമായ 10 സംസ്ഥാനങ്ങള്‍’ എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയിലാണ് കേരളത്തെ ഏറ്റവും അപകടകരമായ സംസ്ഥാനമായി ചിത്രീകരിക്കുന്നത്. ലിസ്റ്റില്‍ ഏറ്റവും ഒന്നാമതായി പറയുന്ന കേരളത്തെക്കുറിച്ചു നല്‍കിയ ലഘു വിവരണത്തിന്റെ തുടക്കം തന്നെ കേരളത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് ഈ കുറിപ്പുണ്ടാക്കിയതെന്നു വ്യക്തമാക്കുന്നതാണ്.


Must Read: ‘ഇതാണ് മലപ്പുറം, ഞങ്ങളുടെ ചങ്കായ നാട്’ മലപ്പുറത്തെ പെണ്ണ് പറയുന്നു


വിവരണം ഇതാണ്: ‘ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ കേരളം ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല്‍ കേരളം ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനവും കൊച്ചി കേരളത്തിലെ ഏറ്റവും അപകടകരമായ സിറ്റിയുമാണ്. cognizable offence കണക്കിലെടുത്താല്‍ ഒരുലക്ഷം പേര്‍ക്ക് 723.3 എന്ന നിരക്ക് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്നതാണ്. ഇവിടെയാണ് ഏറ്റവുമധികം ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ലാത്ത ഇടമാണിത്. പുറത്തേക്കുപോകുന്നവര്‍ സുരക്ഷിതമായി തിരിച്ചുവരുമെന്ന് ഒരു ഗ്യാരണ്ടിയുമില്ലാത്ത നാടാണിത്.’

കേരളത്തെ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിച്ചതില്‍ നിന്നു തന്നെ വ്യക്തമാണ് കേരളത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഈ കുറിപ്പു തയ്യാറാക്കിയതെന്ന്. ഈ കുറിപ്പില്‍ പറയുന്ന മറ്റുകാര്യങ്ങളും അസത്യവും അര്‍ധസത്യങ്ങളുമാണെന്ന് നെല്‍സണ്‍ തുറന്നുകാട്ടുന്നു.

‘ഗൗരവമുള്ള കുറ്റകൃത്യങ്ങളായ പീഡനം, പീഡനശ്രമം, കൊലപാതകം ഇവ എടുത്താല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ 334 കൊലപാതകം റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് നമ്മുടെ പകുതി പോലും ക്രൈം റിപ്പോര്‍ട്ട് ചെയ്യാത്ത മദ്ധ്യപ്രദേശില്‍ 2339 കൊലപാതകമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ന്നില്ല, മഹാരാഷ്ട്ര 2500ല്‍ അധികം, ബീഹാര്‍ 3000നു മുകളില്‍, ഉത്തര്‍ പ്രദേശ് 4000 നു മുകളില്‍. ഇനി ആയിരത്തിനു മുകളില്‍ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേരളത്തിനു മുകളില്‍ 2000 പീഡനങ്ങളിലധികമുള്ള നാലോ അഞ്ചോ സംസ്ഥാനങ്ങളാണ് ഉള്ളത്. കൂട്ടബലാത്സംഗ സംഭവങ്ങളില്‍ 14 സംസ്ഥാനങ്ങള്‍ കേരളത്തിനു മുകളിലുണ്ട്..’ അദ്ദേഹം വിശദീകരിക്കുന്നു.

സ്ത്രീകള്‍ക്ക് ഒട്ടുംസുരക്ഷിതത്വമില്ലാത്ത സംസ്ഥാനമാണ് കേരളം എന്ന ‘കണ്ടെത്തലിനെ’യും നെല്‍സണ്‍ പൊളിക്കുന്നുണ്ട്.

‘തൊട്ടാല്‍ പ്രതികരിക്കാനോ നിയമത്തിന്റെ വഴി സ്വീകരിക്കാനോ ധൈര്യമുള്ള സ്ത്രീകളുണ്ടാകുന്നിടത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യത്തിന്റെ എണ്ണം കൂടും. അല്ലാതെ ദുരഭിമാനക്കൊലയും നാട്ടുക്കൂട്ടം വിധിക്കുന്ന പീഡനവും നിയമം പോലെ നടക്കുന്ന സംസ്ഥാനമല്ല കേരളം..’ അദ്ദേഹം പറയുന്നു.


Must Read: അവസാനത്തെ തീ പടരും മുമ്പ്…


കേരളത്തിലെ പൊലീസിന്റെ കാര്യക്ഷമതയും കുറ്റകൃത്യങ്ങളുടെ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതിന് കാരണമാണെന്നും നെല്‍സണ്‍ ചൂണ്ടിക്കാട്ടുന്നു.

‘പൊലീസിന്റെ കാര്യക്ഷമതയും കുറ്റകൃത്യങ്ങളുടെ എണ്ണം കൂടാന്‍ ഒരു കാരണമാണ്. വൈരുദ്ധ്യം തോന്നുന്നുണ്ടല്ലേ? പൊലീസ് കേസെടുത്താലല്ലേ കേസ് ഉണ്ടാകുന്നുള്ളൂ?. ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്താലും കേസ് രജിസ്റ്റര്‍ ചെയ്യാത്തിടത്ത് കേരള പോലീസ് സ്വമേധയാ കേസെടുക്കുകയാണ് ചെയ്യുന്നത്. സ്വഭാവികമായും റിപ്പോര്‍ട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കൂടും. കുറ്റകൃത്യങ്ങളുടെ എണ്ണം കുറവാണെന്നതിന്റെ അര്‍ത്ഥം കുറ്റം കുറവാണെന്ന് ആകണമെന്നില്ല.’ അദ്ദേഹം പറയുന്നു.

Advertisement