Categories

തിരുവനന്തപുരത്ത് വന്‍ കള്ളനോട്ട് വേട്ട: ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

indian-moneyപാറശാല: 2,19000 രൂപയുടെ കള്ളനോട്ടുകളുമായി എട്ടു പശ്ചിമ ബംഗാള്‍ സ്വദേശികള്‍ തിരുവനന്തപുരത്ത് പിടിയില്‍. ബംഗ്ലാദേശില്‍ അച്ചടിച്ച 1000, 500, 100 രൂപ നോട്ടുകളാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവര്‍ക്ക് അന്താരാഷ്ട്ര കള്ളനോട്ടു സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മാള്‍ഡി സ്വദേശികളാണ് പിടിയിലായവര്‍. സിയാള്‍ റഹ്മാന്‍ എന്നയാളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു.

സംഘത്തില്‍പെട്ട രണ്ടുപേര്‍ പാറശാലയിലെ ഒരു ചെരുപ്പുകടയില്‍ നല്‍കിയ 500രൂപ നോട്ടില്‍ സംശയം തോന്നിയ കടക്കാരനാണ് വിവരം പോലീസിനെ ധരിപ്പിച്ചത്. പാറശാല എസ്.ഐ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരശുവയ്ക്കലില്‍ വച്ച് റോഡിലൂടെ നടന്നു പോകുകയായിരുന്ന ഇവരെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോള്‍ 49000 രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചു. ഇവരെ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഗോപകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടെയുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.

തലസ്ഥാനത്തെ വിവിധ ലോഡ്ജുകളില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന നോട്ടുകള്‍ ഉള്‍പ്പടെയാണ് 2,19000 രൂപ ലഭിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നുണെ്ടന്ന് പോലീസിനോട് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതിനായി മാത്രമാണ് കേരളത്തില്‍ എത്തിയതെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇവര്‍ക്ക് വേരുകളുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മലയാളികള്‍ സംഘത്തിലുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.