ന്യൂദല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കേസ്സുകളില്‍ പോലീസുകാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി. ‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ നിഷ്ഠൂര കൊലപാതകം’ തന്നെയാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമെന്നും അത്തരം കൊലപാതകങ്ങള്‍ക്ക് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മരണ ശിക്ഷയില്‍ കറഞ്ഞ ഒന്നും നല്‍കാന്‍ കഴിയില്ലെന്നും കോടതി വിധിച്ചു.

കൊലപാതക കരാറുകാരായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഒരുകൂട്ടം പോലീസുകാര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വിധിപറയുകയായിരുന്നു കോടതി. അവര്‍നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി.

ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജു, ജസ്റ്റിസ് ജ്ഞാന്‍ സുധ മിശ്ര എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. കാക്കിയിട്ടുകൊണ്ട് നടത്തുന്ന കൊലപാതകമാണ് വ്യാജ ഏറ്റുമുട്ടലുകളെന്നാണ് വിധിയില്‍ പ്രസ്താവിച്ചിട്ടുള്ളത്.

‘വ്യാജ ഏറ്റുമുട്ടലുകള്‍, നിയമം പരിപാലിക്കേണ്ടവര്‍ നടത്തുന്ന നിഷ്ഠൂര കൊലപാതകങ്ങളാണ്. സാധാരണക്കാര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് സാധാരണ ശിക്ഷകള്‍ മതി. എന്നാല്‍ പോലീസുകാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. കാരണം അവര്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ക്കെതിരായാണ് പ്രവര്‍ത്തിക്കുന്നത്,’ ജസ്റ്റിസ് കഠ്ജു തന്റെ വിധിന്യായത്തില്‍ എഴുതി. പോലീസുകാര്‍ ‘എന്‍കൗണ്ടര്‍’ എന്ന പേരില്‍ ആരേയും വധിക്കരുതെന്നും അങ്ങനെ ‘എന്‍കൗണ്ടര്‍’ നടത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവു നല്‍കിയാല്‍ അത് പാലിക്കാന്‍ പോലീസുകാര്‍ ബാധ്യസ്ഥരല്ലെന്നും കോടതി പറഞ്ഞു.