തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ 13,000  രൂപയുടെ കള്ളനോട്ട് പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റുചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ രാത്രി ആറ്റിങ്ങല്‍- വെഞ്ഞാറമൂട് റോഡിലൂടെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോവുകയായിരുന്ന നാലംഗ സംഘത്തെ വാഹനം ഉള്‍പ്പെടെയാണ് പോലീസ് പിടികൂടിയത്. ആറ്റിങ്ങല്‍ അയിലം സ്വദേശികളായ വിമല്‍രാജ്, സംഗീത്, ജോയി, വിപിന്‍ എന്നിവരാണ് പിടിയിലായതെന്ന് അറിയുന്നു. കുപ്രസിദ്ധ ഗുണ്ട ആര്യനാട് ശ്യാമുമായി ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍-16 ഇ 3359 നമ്പര്‍ മാരുതി കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കണ്ടെടുത്ത കള്ളനോട്ടുമായി സാമ്യമുണ്ടോയെന്ന വിവരം പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരില്‍ നിന്നും നോട്ടുകള്‍ അച്ചടിക്കാനുള്ള സാമഗ്രികളും കടലാസുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.