ഷാര്‍ജ: എട്ട് ലക്ഷം ദിര്‍ഹമിന്റെ വ്യാജ സിഡികളും ബ്ലൂഫിലിമകളും സഹിതം അഞ്ചു പേരെ ഷാര്‍ജ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പിടികൂടി. നാല്‍പതിനായിരത്തോളം വരുന്ന വ്യാജ സിഡികള്‍, സിനിമകള്‍, കാര്‍ട്ടൂണുകള്‍,പാട്ടുകള്‍ എന്നിവക്കു പുറമെ നീലച്ചിത്രങ്ങളുടെ വന്‍ ശേഖരവും പിടികൂടിയിട്ടുണ്ട്. വില്‍പനക്കായി ഖാദിസിയ്യയിലെ ഒരു വില്ലക്ക് മുകളില്‍ പ്രത്യേകം ഒരുക്കിയ മുറിയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് രണ്ട് പേരെ പിടികൂടിയിട്ടുണ്ട്.

വിപണനക്കാരും ഇടനിലക്കരുമടക്കം മറ്റ് പലരെയും പിടികൂടിയിട്ടുണ്ട്. ഷാര്‍ജയിലെ വിവിധ ഭാഗങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് പത്തും ഇരുപതും ദിര്‍ഹമിനാണ് ഇത് വില്‍പന നടത്തുന്നതെന്ന് സി.ഐ.ഡി വിഭാഗം തലവന്‍ കേണല്‍ മുഹമ്മദ് റാഷിദ് ബയാത്ത് അറിയിച്ചു.

വ്യാജ സി.ഡികളും അശ്ലീല ചിത്രങ്ങളും വില്‍പന നടത്തുന്നതിന് യു.എ.ഇയില്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. ഷാര്‍ജയില്‍ മാത്രം ഈ വര്‍ഷത്തെ 92 പേരാണ് ഇതു സംബന്ധിച്ച് പിടിയിലായത്. ഇവരില്‍ ഏറിയ പങ്കും ഏഷ്യന്‍ വംശജരാണ്.