തിരുവനന്തപുരം: നിയമനതട്ടിപ്പ് കണ്ടെത്താന്‍ വാര്‍ഷിക ഓഡിറ്റിംങ് നടത്തണമെന്നാവശ്യപ്പെടാന്‍ പി.എസ്.സി യോഗത്തില്‍ തീരുമാനം.

അതേസമയം, മറ്റുജില്ലകളിലും വകുപ്പുകളിലും വ്യാജനിയമനം നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പി.എസ്.സി ചെയര്‍മാന്‍ സലാഹുദ്ദീന്‍ പറഞ്ഞു.നിയമനതട്ടിപ്പില്‍ പി.എസ്.സിയുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്നും സലാഹുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് പി.എസ്.സി ഓഫീസിനുനേരെ നടന്ന ആക്രമണം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ പി.എസ്.സി നിയമനത്തില്‍ കുഴപ്പങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ ലാന്റ് റവന്യൂ കമ്മീഷണര്‍ കെ.ആര്‍ മുരളീധരന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയല്ല നിയമനം നടന്നതെന്നും നിയമനങ്ങളുടെ ഫയലുകള്‍ കളക്ടറുടെ പരിഗണയ്ക്ക് എത്തിയിരുന്നില്ലെന്നും അദ്ദേഹം കണ്ടെത്തിയിരുന്നു. ചില ഫയലുകളില്‍ കലക്ടര്‍ക്ക് പകരം ഡെപ്യൂട്ടി കലക്ടറാണ് ഒപ്പുവച്ചിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ കാണാതിയിട്ടുമുണ്ടെന്ന് ലാന്റ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.