അഭിനേതാവ് എന്ന നിലയില്‍ മലയാളികളുടെ മനസില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇടം നേടാന്‍ സാധിച്ച താരമാണ് ഫഹദ് ഫാസില്‍. സിനിമാ അരങ്ങേറ്റം ഒരു വന്‍ പരാജയമായിരുന്നെങ്കില്‍ കൂടി ആ പരാതിയെല്ലാം പരിഹരിക്കും വിധാമായിരുന്നു ഫഹദിന്റെ രണ്ടാം വരവ്.

Ads By Google

എന്നാല്‍ അഭിനയം മാത്രമല്ല പാട്ടിലും ഒരുകൈ നോക്കാനുള്ള ശ്രമത്തിലാണ് ഫഹദ്. ഒളിപ്പോര് എന്ന ചിത്രത്തിന് വേണ്ടിയാണ് ഫഹദ് പാടുന്നത്.  നെരൂദയുടെ മരണം എന്ന കവിത ഫഹദിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തതായും പറയപ്പെടുന്നു.

നവാഗത സംവിധായകനായ എ.വി.ശശിധരനാണ്  ഒളിപ്പോരിക്കന്റെ സംവിധായകന്‍. സമൂഹമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ  ഒളിപ്പോരാളി എന്ന പേരില്‍ ബ്‌ളോഗ് എഴുതുന്ന  ഒരാളുടെ കഥയാണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്.

പല പേരുകളിലായി ബ്‌ളോഗ് എഴുതുന്ന ആള്‍ക്കാര്‍ ബാംഗഌരില്‍ ഒത്തുകൂടുന്നു.  ഒളിപ്പോരാളി തന്റെ അസാന്നിധ്യത്തിലും അവിടെയും ശ്രദ്ധേയനാവുകയാണ്.

മറ്റ് ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ഒളിപ്പോരാളിയെ സമൂഹത്തിന് മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതോടെയാണ് ഒളിപ്പോരാളി  എന്ന വ്യക്തിയിലും  അയാളുടെ ജീവിതത്തിലും കൂടി കഥ വികസിക്കുന്നത്.  ജോണ്‍ പി. വര്‍ക്കിയാണ്  പാട്ടുകള്‍ക്ക് ഈണം പകരുന്നത്.

തമിഴിലെ പുതുമുഖ താരമായ സുഭിക്ഷയാണ് ഫഹദിന്റെ നായിക ആയി എത്തുന്നത്. കലാഭവന്‍ മണി, തലൈവാസല്‍ വിജയ്, സറീന വഹാബ് എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.