എഡിറ്റര്‍
എഡിറ്റര്‍
ഇനി ഫേയ്‌സ്ബുക്കിനും സ്വന്തമായി ആപ്‌സ് ഷോപ്പ്
എഡിറ്റര്‍
Monday 11th June 2012 12:38pm

സ്മാര്‍ട്ട് ഫോണുകള്‍ക്ക് വേണ്ട ആപ്ലിക്കേഷന്‍ വിപണി ഇനി ഫേയ്‌സ്ബുക്കിലും. ഫേസ്ബുക്ക് ആപ്‌സെന്റര്‍ എന്നപേരില്‍ അവതരിച്ച പുതിയ ആപ്ലിക്കേഷന്‍ കട കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അമേരിക്കയില്‍ പുറത്തിറങ്ങിയത്. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ലോകമെങ്ങുമുള്ള ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ആപ് സെന്ററിലേക്ക് എന്‍ട്രി ലഭിച്ചു തുടങ്ങും.
ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേ, വിന്‍ഡോസ് മാര്‍ക്കറ്റ് പ്ലേസ്, ബ്ലാക്ക്‌ബെറി ആപ് വേള്‍ഡ്, എന്നിവയുടെ ഇടയിലേക്കാണ് ആപ്‌സെന്ററിന്റെ കടന്നുവരവ്. സ്മാര്‍ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറുകള്‍ വിലകൊടുത്തും സൗജന്യമായും ലഭ്യമാണ്. ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ആപ്‌സ് എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ആപ്പിളാണ്. ഏതാണ്ട് 4,25,000 ആപ്‌സുകള്‍ ആപ്പിളില്‍ മാത്രമായുണ്ട്.
ഓണ്‍ലൈന്‍ ആപ്‌സുകളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞതാണ് ഫേസ്ബുക്കും ആപ്ലിക്കേഷന്‍ വിപണിയില്‍ ഇറങ്ങാന്‍ കാരണം. തുടക്കത്തില്‍ 600 ഓളം ആപ്ലിക്കേഷനുകളാണ് ഉള്ളത്. ഇവയെല്ലാം മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതും ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രദര്‍ശിപ്പിക്കാവുന്നതുമാണ്.

 

തിരഞ്ഞെടുക്കുന്ന ആപ്ലിക്കേഷനുകള്‍ ഫേസ്ബുക്ക് ടൈംലൈനിലൂടെ ഷെയര്‍ചെയ്യുന്നതിനും സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവയ്ക്ക് ആവശ്യമായ ആപ്‌സുകളും ആപ്‌സ് സെന്ററില്‍ ലഭ്യമാണ്. ഫേസ്ബുക്ക് പുറത്തിറക്കാന്‍ പോകുന്ന ഫേസ്ബുക്ക് ഫോണിന്റെ സുഗമമായ ഉപയോഗത്തിനായാണ് ആപ്‌സ് സെന്റര്‍ ഇറക്കിയിരിക്കുന്നതെന്ന് കരുതുന്നു.

Advertisement