കണ്ണൂര്‍: ഫെയ്‌സ്ബുക്ക് വര്‍ഗീയത വളര്‍ത്തുന്നതായി സര്‍വേ ഫലം. കണ്ണൂര്‍ സര്‍വകലാശാല മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഫേസ്ബുക്ക് വര്‍ഗീയത പരത്തുന്നതായി പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും ഫേസ്ബുക്ക് വര്‍ഗീയത വളര്‍ത്താന്‍ കാരണമാകുന്നു എന്ന് അഭിപ്രായപ്പെട്ടു.

Ads By Google

42 ശതമാനം പേര്‍ സൗഹൃദം പ്രതീക്ഷിച്ചാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഇതില്‍ തന്നെ 43 ശതമാനം പേര്‍ അപരിചതുരമായി സൗഹൃദം സ്ഥാപിക്കുന്നവരാണ്. ജോലിസമയവും പഠനസമയവും ഫേസ്ബുക്ക് കവര്‍ന്നെടുക്കുന്നതായും സര്‍വേ പറയുന്നു.

കേരളത്തില്‍ 67 പേരും കൂടിവന്നാല്‍ ഒരു മണിക്കൂറാണ് ഫേസ്ബുക്കിന് വേണ്ടി ചിലവഴിക്കുന്നവരാണ്. 26 ശതമാനം പേര്‍ ഫേസ്ബുക്കില്‍ ഒന്നിലധികം അക്കൗണ്ടുള്ളവരാണ്.

28 ശതമാനം ആളുകള്‍ ഓഫീസ് സമയത്തും പഠന സമയത്തും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. 41 ശതമാനം പേര്‍ മൊബൈല്‍ വഴി ഫേസ്ബുക്ക് ഉപയോഗിക്കുന്നു.

ഫേസ്ബുക്കിനെ ഒരു വാര്‍ത്താ ഉപാധിയായി കാണുന്നവരാണ് ഏറ്റവും കൂടുതല്‍. 69 ശതമാനം പേര്‍ ഇത്തരത്തില്‍ ഫേസ്ബുക്കിനെ ഒരു മാധ്യമമായി കാണുന്നു. അതേസമയം, 45 ശതമാനം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കാതിരുന്നാല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ഇതുകൂടാതെ പോസ്റ്റിന് ലൈക്കും കമ്മന്റും ലഭിക്കാതിരുന്നാല്‍ അസ്വസ്ഥാരാകുന്നവരാണ് 41 ശതമാനം ആളുകളും.

77 ശതമാനം പേര്‍ ഫേസ്ബുക്ക് സെന്‍സര്‍ഷിപ്പിനെതിരായാണ് പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് 25  ശതമാനം പേര്‍ പറയുന്നു. അതേസമയം മുംബൈയില്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അറസ്റ്റിലായതിനെ 23 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്.

സര്‍വേയെ പ്രമുഖര്‍ വിലയിരുത്തിയതിങ്ങനെ,

മധുപാല്‍:
‘ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഏറ്റവും സജീവമാകുന്ന ഈ കാലഘട്ടത്തില്‍ ഗുരൂതരമായ ചില ദുരന്തങ്ങളും നടക്കുന്നു. ആര്‍ക്കും എന്തും വിളിച്ചു പറയാവുന്ന ഒരു തുറന്ന ചുമരായി മാറുന്ന ഫെയ്‌സ്ബുക്ക് സമൂഹത്തില്‍ ചില അപകടങ്ങളും വിതയ്ക്കുന്നുണ്ട്.

അതിന്റെ കൃത്യമായ ചില സൂചനകള്‍ ഈ സര്‍വ്വേയില്‍ വെളിവാകുന്നുണ്ട്. ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ മുംബൈയില്‍ രണ്ട് പെണ്‍ കുട്ടികളെ അറസ്റ്റ് ചെയ്ത നടപടിയെ അനുകൂലിച്ച് സര്‍വ്വേയില്‍ കാണുന്നു. ഇത് വെളിവാക്കുന്നത് സമൂഹത്തില്‍ നഷ്ടമാകുന്ന മൂല്യചുതികളാണ്.

അവിഹിത ബന്ധങ്ങളും പ്രണയവും മറ്റും നിറഞ്ഞ  ഒരു വ്യത്യസ്ഥ ലോകം ഫെയ്‌സ്ബുക്ക് പലര്‍ക്കും സമ്മാനിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന ഒരു സൈബര്‍ ലോകം എത്ര മാത്രം ഗുണകരമാകുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്.  ഡല്‍ഹി പീഡനത്തിനെതിരെ ജനരോഷം ശക്തിപ്പെട്ടത് ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ കൂട്ടായ്മകളിലൂടെയാണ് എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ ഇതില്‍ അനിവാര്യമായ ചില ദുരന്തങ്ങളും നമ്മള്‍ കാണണം.’

പ്രമുഖ മനശാസ്ത്ര വിദഗ്ധനായ സി.ജെ ജോണ്‍:

സമൂഹം വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആ ശ്രമങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് സഹായകമാകുന്നുണ്ട് എന്ന സൂചുപ്പിക്കുന്നതാണ് സര്‍വേ ഫലം. പൊതുവെ അന്തര്‍മുഖരായവര്‍ക്ക് വിശാലമായ ലോകം ഫെയ്‌സ്ബുക്ക് തുറന്നു കൊടുക്കുന്നു. യഥാര്‍ത്ഥ ജിവിതത്തില്‍ നിന്നും ഒരു സങ്കല്‍പ്പ ലോകത്തേക്കുള്ള ചുവടുമാറ്റം അവിഹിത ബന്ധങ്ങളിലേക്കും മറ്റും വഴി തുറക്കുന്നതായി സര്‍വേ തെളിയിക്കുന്നു.

സോഷ്യല്‍ ആന്ത്രോപോളജിസ്റ്റായ  ഡോ.വിനീതാ മേനോന്‍:

‘ജനങ്ങള്‍ ടെക്‌നോളജി മാത്രം പഠിച്ചാല്‍ പോര, സോഷ്യല്‍ സയന്‍സും പഠിക്കണം എന്ന വസ്തുതയിലേക്കാണ് ഈ സര്‍വേ ഫലം വിരല്‍ ചൂണ്ടുന്നത് പൊതു സമ്പര്‍ക്കം കുറഞ്ഞു വരുന്ന ഒരു സമൂഹത്തില്‍ തീര്‍ച്ചയായും കൂടുതല്‍ പേരും ആശ്രയിക്കുക ടെക്‌നോളജിയെ തന്നെയാവും. സര്‍വേയില്‍ 74 % പേര്‍ ഒറ്റ അക്കൗണ്ടുള്ളവരാണ് എന്ന വസ്തുത പോസിറ്റീവായി കാണണം. അവര്‍ വ്യാജ ഇടപാടുകള്‍ക്കു പോകുന്നില്ല. 42% പേര്‍ ഈ മാധ്യമത്തെ സൗഹൃദത്തിനായി ഉപയോഗിക്കുന്നു എന്നുള്ളതും, 69 % പേര്‍ ഫെയ്‌സ് ബുക്കിനെ വാര്‍ത്താമാധ്യമമായി കാണുന്നതും വളരെ പ്രധാനപ്പെട്ട കണ്ടത്തലുകളാണ്. ഫെയ്‌സ് ബുക്ക് ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ രൂപീകരണം സാധ്യമാകും എന്നതാണ് ഇതിന്റെ നല്ല  വശം.’

സെബാസ്റ്റിയന്‍ പോള്‍:
‘ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ മനുഷ്യ സ്വാതന്ത്ര്യത്തെ കൂടുതല്‍ വിപുലീകരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പലപ്പോഴും നല്ല രീതിയില്‍ തന്നെ സോഷ്യല്‍ മീഡിയകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പലരാജ്യങ്ങളിലുമുണ്ടായ ചരിത്രപരമായ മാറ്റങ്ങള്‍ ഇതിന് തെളിവാണ്. എന്നാല്‍ നവ മാധ്യമങ്ങള്‍ നിയന്ത്രണ വിധേയമാകുന്നില്ല എന്നത് വലിയ ദോഷം ചെയ്യും. വേലികെട്ടാത്ത പറമ്പില്‍ ആര്‍ക്കും വന്ന് മേയാം എന്ന അവസ്ഥ ഇവിടെ സംഭവിക്കുന്നു.

വര്‍ഗീയ ധ്രുവീകരണത്തിനുതകുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന സര്‍വേ കണ്ടെത്തല്‍ ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരത്തിലുള്ള സാമൂഹ്യവിപത്തിലേക്ക് നവമാധ്യമങ്ങള്‍  വഴിതുറക്കുന്നു.

ലക്ഷ്യബോധം പരിമിതമായ ചിലരുടെ പ്രതികരണമാണ് ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ മുംബൈയില്‍ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത നടപടി അനുകൂലിക്കുന്നതിലൂടെ പ്രതിഫലിക്കുന്നത്.’