കൊച്ചി: ഫേസ്ബുക്കില്‍ ചാറ്റിംഗിന് വിസമ്മതിച്ച് യുവതിക്ക് നേരെ അസഭ്യവര്‍ഷം. ഇതേക്കുറിച്ച് പരാതി നല്‍കാനെത്തിയ യുവതിയെ സൈബര്‍ സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അവഹേളിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശി റീനാ ഫിലിപ്പിനാണ് കയ്‌പേറിയ ഈ അനുഭവമുണ്ടായത്.

പുഷ്പാംഗദന്‍ പുളിമൂട്ടില്‍ എന്നയാളുടെ പ്രൊഫൈലില്‍നിന്ന് ചാറ്റിംഗിന് ക്ഷണമുണ്ടായപ്പോള്‍ റീന ചാറ്റിംഗിന് വിസമ്മതിച്ചു. തുടര്‍ന്നാണ് പുഷ്പാംഗദനില്‍നിന്ന് കേട്ടാലറക്കുന്ന വാക്കുകളില്‍ അസഭ്യവര്‍ഷമുണ്ടായത്. ഖത്തറില്‍ ജോലി ചെയ്യുന്ന പുഷ്പാംഗദന്‍ പുളിമൂട്ടില്‍ റാന്നി സ്വദേശിയാണെന്നാണ് പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വിവരം.

Subscribe Us:

തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ സെല്ലില്‍ റീന പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും സൈബര്‍ സെല്‍ എ.സി.പി. വിനയകുമാരന്‍ നായരെ കണ്ടു. ഇവിടെ ഫേസ്ബുക്കിലുണ്ടായതിനേക്കാള്‍ വലിയ അപമാനമാണ് നേരിടേണ്ടിവന്നതെന്ന് റീനാ ഫിലിപ്പ് പരാതിപ്പെടുന്നു.

സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം റീനക്കാണെന്ന് ആരോപിച്ച പോലീസ് ഓഫീസര്‍ പിന്നീട് വളരെ മോശമായ രീതിയിലാണ് അവരോട് സംസാരിച്ചതെന്നാണ് പരാതി. ഫേസ്ബുക്കിലെ പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ള ഫോട്ടോയാണ് ഇതിനൊക്കെ കാരണമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടു മണിക്കൂറോളം റീനയെ ഓഫീസ് മുറിയിലിരുത്തി, അഭിസാരികമാരുടെ രീതികളെക്കുറിച്ചും സിനിമാ നടീനടന്‍മാരുടെ സൗന്ദര്യത്തെക്കുറിച്ചുമൊക്കെയാണ് ഇയാള്‍ സംസാരിച്ചതെന്നും റീന കുറ്റപ്പെടുത്തുന്നു. അവസാനം ഇതൊന്നും കാര്യമാക്കേണ്ട എന്ന ഉപദേശവും നല്‍കി.

റീനയെ ഫേസ്ബുക്കിലൂടെ അപമാനിച്ചയാള്‍ക്കെതിരെ സൈബര്‍സെല്‍ കേസെടുക്കണമെന്നും ഇവരെ അവഹേളിച്ച സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും അന്വേഷി അധ്യക്ഷ കെ.അജിത ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് ഉപയോഗിക്കാനും അതില്‍ പ്രൊഫൈല്‍ചിത്രം ചേര്‍ക്കാനും ഏത് സ്ത്രീക്കും അവകാശമുണ്ട്. റീന ഫിലിപ്പിന്റെ പ്രൊഫൈല്‍ ചിത്രത്തല്‍ അവരുടെ മുഖം മാത്രമാണുള്ളത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പരാതിയുമായി വരുന്ന സ്ത്രീകളെ അപമാനിച്ചാല്‍ അവര്‍ എവിടെ പോയി പരാതി പറയുമെന്ന് അജിത ചോദിച്ചു.

സൈബര്‍ പോലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ജനാധിപത്യ വനിതാ സംഘടനസംസ്ഥാന സെക്രട്ടറി അഡ്വ.ടി.ബി മിനി പറഞ്ഞു. സൈബര്‍ പോലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. റീന കൊടുത്ത പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റവാളിക്കെതിരെ പോലീസ് അടിയന്തിര നടപടി എടുക്കണമെന്നും അഡ്വ.ടി.ബി മിനി ആവശ്യപ്പെട്ടു.