എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്ക് ലൈക്ക്: സി.ഐ.ടി.യു നേതാവിനെതിരെ പ്രവാസി മലയാളി പിണറായിക്ക് പരാതി നല്‍കി
എഡിറ്റര്‍
Tuesday 22nd January 2013 10:04am

കൊച്ചി: പാക്കിസ്ഥാനി വെബ്‌സൈറ്റിലെ ഫേസ്ബുക്ക് വീഡിയോ ലൈക്ക് ചെയ്തതിന്റെ പേരില്‍ തന്നെ രാജ്യദ്രോഹിയാക്കിയതിന് പിന്നില്‍ സി.ഐ.ടി.യു നേതാവാണെന്ന് ഏലൂര്‍ സ്വദേശിയുടെ പരാതി.

Ads By Google

ഫേസ്ബുക്കിലെ ഒരു ഫണ്‍ വീഡിയോ ലൈക്ക് ചെയ്തതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഏലൂരിലെ ഒരു പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനെ വിവാദത്തില്‍പെടുത്താനായി തന്നെ രാജ്യദ്രോഹിയാക്കുകയായിരുന്നുവെന്നാണ് മുഹമ്മദാലി പറയുന്നത്.

ഇതിന് പിന്നില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയാണെന്ന് യു.എ.ഇയില്‍ ജോലി ചെയ്യുന്ന ഏലൂര്‍ കാനപ്പള്ളി വീട്ടില്‍ കെ.എച്ച് മുഹമ്മദാലി പരാതിയില്‍ പറയുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് മുഹമ്മദാലി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രേഖാമൂലം പരാതി അയച്ചത്.

മുസ്‌ലീം യുവാക്കളെ ദേശവിരുദ്ധ കേസുകളില്‍ പെടുത്തി അനാവശ്യമായി  ശിക്ഷിക്കുന്നത് ഒഴിവാക്കണം എന്ന് രാഷ്ട്രപതിയെ കണ്ട് പാര്‍ട്ടി ആവശ്യപ്പെടുമ്പോള്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി തന്നെ ചതിക്കുകയായിരുന്നെന്നും മുഹമ്മദാലി  പറയുന്നു.

വര്‍ഗീയതപരത്തി ന്യൂനപക്ഷത്തെ പാര്‍ട്ടിയില്‍ നിന്നും വഴിമാറാന്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കൂ എന്ന് അദ്ദേഹം ആരോപിക്കുന്നു.

ജില്ലാ സെക്രട്ടറിയുടെ ഇത്തരം കൃത്യങ്ങളെ അന്വേഷിച്ച്  നടപടി എടുക്കണമെന്ന് പാര്‍ട്ടി കുടുംബാംഗമായ മുഹമ്മദാലി പരാതിയില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും, പ്രകാശ് കാരാട്ടിനും അയച്ചിട്ടുണ്ട്.

ഏലൂരിലെ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ആളുകള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചാര്‍ത്തി പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ട്രേഡ് യൂണിയന്‍ നേതാക്കളുടെ ഭാഗമാണിതെന്ന് ഏലൂരിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ ഇന്റര്‍നെറ്റില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ മലിനീകരണ കമ്പനിയായ സി.എം.ആര്‍.എല്ലിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. അതിനുള്ള പ്രതികാര നടപടിയായാണ് സ്ഥലത്തെ ആളുകളുടെ കള്ളക്കേസില്‍ കുടുക്കുന്നതെന്നും ആക്ഷേപമുണ്ട്.

Advertisement