ലണ്ടന്‍: ഫേസ്ബുക്ക് ലഹരി കൂടുതലും പിടികൂടുന്നത് സ്ത്രീകളെയാണെന്ന് പഠനം. ജീനുകളുടെ പ്രശ്‌നം കാരണമാണിതെന്നും പഠനത്തില്‍ പറയുന്നു.

ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇന്റര്‍നെറ്റ് അടിമത്തവും ജീനുകളും തമ്മില്‍ ബന്ധമുണ്ടെന്നതിന് തങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. സ്ത്രീകളിലാണ് ഇതിന് സാധ്യത കൂടുതലെന്നും പറയുന്നു.

Ads By Google

ഇന്റര്‍നെറ്റ് അഡിക്ഷന്‍ എന്നത് വെറും ഭാവനാസൃഷ്ടിയല്ലെന്ന് ഗവേഷകരിലൊരാളായ ഡോ. ക്രിസ്റ്റിയന്‍ പറയുന്നു. എന്തുകൊണ്ടാണ് ചിലര്‍മാത്രം ഇന്റര്‍നെറ്റിനോട് കൂടുതല്‍ ഭ്രമം കാണിക്കുന്നതെന്ന് വേര്‍തിരിച്ചറിയാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ സൂചിപ്പിച്ചു.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 843 ആളുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ 132 പേര്‍ ഓണ്‍ലൈന്‍ അഡിക്ടാണെന്ന് കണ്ടെത്തി. ഇന്റര്‍നെറ്റിനോട് കൂടുതല്‍ ഭ്രമം കാട്ടുന്നവരില്‍ ഏറെയും സ്ത്രീകളാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഫേസ്ബുക്കും ട്വിറ്ററും പോലുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകളാണ് ഈ ഭ്രമം ഇത്രമേല്‍ പ്രകടമാക്കിയതെന്ന് ഗവേഷകര്‍ പറയുന്നു.