എഡിറ്റര്‍
എഡിറ്റര്‍
മന്‍മോഹനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍; ഫെയ്‌സ്ബുക്ക് അക്കൗണ്ട് സസ്‌പെന്റ് ചെയ്തു
എഡിറ്റര്‍
Wednesday 30th May 2012 10:14am

കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഭരണകൂട വിമര്‍ശനത്തിന് കൂച്ചുവിലങ്ങ്. പെട്രോള്‍ വിലവര്‍ധനവിനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സസ്‌പെന്റ് ചെയ്തു.ഹൈക്കോടതി അഭിഭാഷകന്‍ അനില്‍ ഐക്കരയുടെ അക്കൗണ്ടാണ് സസ്‌പെന്റ് ചെയ്തത്.

കാര്‍ട്ടൂണിസ്റ്റ് ജയരാജന്‍ വരച്ച കാര്‍ട്ടൂണ്‍ പെട്രോളിന് വില വര്‍ധിപ്പിച്ചതിന്റെ പിറ്റേദിവസം അനില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. കാര്‍ട്ടൂണിന് വന്‍ സ്വീകാര്യതയും ലഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നൂറിലധികം ഷെയറുകളും ലൈക്കും പോസ്റ്റിന് ലഭിച്ചു. എന്നാല്‍ പിറ്റേദിവസം ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറന്ന അനിലിന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നുള്ള ഫെയ്‌സ്ബുക്ക് അധികൃതരുടെ സന്ദേശമാണ് ലഭിച്ചത്. ഇതിന് കൃത്യമായ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടിയിരുന്നില്ലെന്ന് അനില്‍ ഐക്കര ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അതേദിവസം തന്നെ അനില്‍ വീണ്ടും ആ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ പിറ്റേന്ന് രാവിലെ ഫെയ്‌സ്ബുക്ക് തുറന്നപ്പോള്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു എന്ന സന്ദേശമാണ് ലഭിച്ചത്.

തന്റെ പോസ്റ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് അനില്‍ പറഞ്ഞു. താന്‍ പോസ്റ്റ് ചെയ്തതിലും ശക്തമായ വിമര്‍ശനങ്ങളും മറ്റും ഫെയ്‌സ്ബുക്കില്‍ കാണാറുണ്ട്. എന്നാല്‍ ഈയൊരു കാര്‍ട്ടൂണ്‍ മാത്രം എന്തുകൊണ്ട് ഡിലീറ്റ് ചെയ്തു എന്നറിയില്ല. ഇതേ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത മന്ദാരം എന്ന ഫെയ്‌സ്ബുക്ക് ഫാന്‍ പേജും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കിന് നോട്ടീസയക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓണ്‍ലൈന്‍ രംഗത്തെ സ്വതന്ത്ര ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാന്‍ ആഗോള തലത്തില്‍ വിവിധ ഭരണകൂടങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ ഇന്റര്‍നെറ്റ് കരിനിയമങ്ങള്‍ പാസാക്കുന്നതിനെതിരെ അടുത്തിടെ ഓണ്‍ലൈന്‍ ലോകം കരിദിനം ആചരിച്ചിരുന്നു. ഭരണകൂട വിമര്‍ശനം സെന്‍സര്‍ ചെയ്യാനുള്ള സര്‍ക്കാറിന്റെ നീക്കങ്ങളുടെ ഭാഗമായാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച അക്കൗണ്ട് സസ്‌പെന്റ് ചെയ്തതെന്നാണ് കരുതപ്പെടുന്നത്. ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്ക് അധികൃതര്‍ക്ക് ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്ന് നേരത്തെ തന്നെ പല നിര്‍ദേശങ്ങളും നല്‍കിയിരുന്നു. അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ഉള്ളടക്കം സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ശ്രമിച്ചത് ശക്തമായ വിമര്‍ശങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സോഷ്യല്‍സൈറ്റുകളിലെ ഉള്ളടക്കം സെര്‍സര്‍ ചെയ്യാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഇതുപോലെ ഭരണകൂടത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെടുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisement