ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഫാബ്രിസ് മുവാമ്പ വിരമിച്ചു. ആരോഗ്യപരമായ കാരണത്തെ തുടര്‍ന്നാണ് വിരമിക്കല്‍ പ്രഖ്യാപനം.

കഴിഞ്ഞ മാര്‍ച്ച് 17ന് നടന്ന എഫ്.എ കപ്പില്‍ ടോട്ടനം – ബോള്‍ട്ടന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ മുവാമ്പ ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം ആശുപത്രി വിട്ടത്.

Ads By Google

ആശുപത്രി വിട്ടശേഷവും ബോള്‍ട്ടന്റെ മധ്യനിരതാരമായ മുവാമ്പ ഫുട്‌ബോള്‍ കളി തുടങ്ങി. എന്നാല്‍ വീണ്ടും ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇനിയും കളിക്കളത്തില്‍ തുടരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഗുണകരമല്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതേത്തുടര്‍ന്നാണ് വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്.

ഫുട്‌ബോള്‍ ലോകത്ത് നിന്നും ആരാധകരില്‍ നിന്നും തനിയ്ക്ക് ലഭിച്ച പ്രോത്സാഹനത്തിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്ന് മുവാമ്പ അറിയിച്ചു. താന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയെങ്കിലും എന്നെങ്കിലും ടീമിലേക്ക് മടങ്ങിവരാന്‍ കഴിയണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും മുവാമ്പ പറഞ്ഞു.

കോംഗോ സ്വദേശിയായ മുവാമ്പ പതിനൊന്നാം വയസ്സിലാണ് ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയത്. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 16 ദേശീയ ടീമില്‍ 2002ല്‍ ഇടംനേടിയ മുവാമ്പ 2011 വരെ അണ്ടര്‍ 21 ടീമില്‍ തുടര്‍ന്നു. അണ്ടര്‍ 21 ടീമിനുവേണ്ടി മുവാമ്പ 33 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് വിലമതിക്കാനാവാത്ത താരമായിരുന്നു മുവാമ്പയെന്നും അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ടീമിനെ ദു:ഖത്തിലാക്കിയെന്നും ടീം അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പൂര്‍ണ ആരോഗ്യവാനായി അദ്ദേഹത്തിന് ടീമിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ടീം പ്രത്യാശ പ്രകടിപ്പിച്ചു.