മൊണോക്കോ: ലോകഫുട്‌ബോളിലെ ചാംപ്യന്‍ ക്ലബ്ബ് തങ്ങള്‍തന്നെയാണ് ബാഴ്‌സ ഒരിക്കല്‍ കൂടി തെളിയിച്ചു. പോര്‍ച്ചുഗീസ് ടീമായ എഫ്‌സി പോര്‍ട്ടോയെ തകര്‍ത്ത് ബാഴ്‌സലോണ യൂറോപ്യന്‍ സൂപ്പര്‍ കപ്പ് കിരീടം നേടി. എഫ്‌സി പോര്‍ട്ടോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് ചാംപ്യന്‍മാര്‍ തകര്‍ത്തത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയും ഈ മാസമാദ്യം മാത്രം ടീമിലെത്തിയ സെസ്‌ക് ഫാബ്രിഗാസുമാണ് ബാഴ്‌സക്കായ് ഗോള്‍ നേടിയത്.

ആദ്യ പകുതി അവസാനിക്കാന്‍ ആറ് മിനിട്ട് മാത്രം അവശേഷിക്കേ മെസ്സിയാണ് ബാഴ്‌സക്കായി ആദ്യ ഗോള്‍ നേടിയത്. എതിര്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നും കിട്ടിയ ബോള്‍ അവസരം മുതലാക്കി മെസ്സി വലക്കുള്ളിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങി എട്ട് മിനിറ്റിന് ശേഷം എണ്‍പത്തെട്ടാം മിനിറ്റില്‍ ഫാബ്രിഗാസ് ബാഴ്‌സക്കായി തന്റെ ആദ്യ ഗോള്‍ കണ്ടെത്തി. മെസ്സിയുടെ പാസ്സ് നെഞ്ചില്‍ സ്വീകരിച്ച് പോര്‍ട്ടോ ഗോളി ഹെല്‍ട്ടണെ കീഴടക്കി വലയിലാക്കുകയായിരുന്നു.

സീസണില്‍ ബാഴ്‌സ നേടുന്ന രണ്ടാമത്തെ കിരീടമാണിത്. നേരത്തെ റയലിനെ ഇരുപാദ മത്സരത്തില്‍ തോല്‍പ്പിച്ച് ബാഴ്‌സ സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം നേടിയിരുന്നു. കോച്ച് പെപ് ഗാര്‍ഡിയോളയുടെ കീഴില്‍ ബാഴ്‌സ നേടുന്ന പന്ത്രണ്ടാമത്തെ കിരീടമാണിത്. കഴിഞ്ഞ വര്‍ഷത്തെ യൂറോപ്പ ലീഗ് ചാംപ്യന്‍മാരായ പോര്‍ട്ടോ ഒന്‍പത് പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. പോര്‍ട്ടോയുടെ ജോര്‍ജി റൊനാള്‍ഡോയും ഫ്രഡി ഗുറിയനും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോവുകയായിരുന്നു.